മാഞ്ചസ്റ്റര്‍: കറബാവോ കപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിയാണ് സംഘത്തിന് പുറത്തേക്കുള്ള വഴി തുറന്നത്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി ലിവര്‍പൂളിനെ തോല്‍പ്പിച്ചത്.
സിറ്റിക്കായി എര്‍ലിങ് ഹാലന്‍ഡ്, റിയാദ് മെഹ്‌റിസ്, നഥാന്‍ അകെ എന്നിവരാണ് ഗോള്‍ നേടിയത്. ലിവര്‍പൂളിനായി ഫാബിയോ കര്‍വാലോ, മുഹമ്മദ് സല എന്നിവരാണ് ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ 10ാം മിനിട്ടില്‍ തന്നെ ഹാലന്‍ഡിലൂടെ സിറ്റി മുന്നിലെത്തി. ഡിബ്രുയ്ന്‍റെ ക്രോസില്‍ നിന്നുമാണ് ഹാലന്‍ഡ് വലകുലുക്കിയത്. എന്നാല്‍ 10 മിനിട്ട് മാത്രമാണ് ഈ ലീഡിന് ആയുസുണ്ടായിരുന്നത്. 20ാം മിനിട്ടില്‍ യുവതാരം കര്‍വാലോയിലൂടെയാണ് ചെമ്പട ഗോള്‍ മടക്കിയത്.
ജെയിംസ് മില്‍നറായിരുന്നു അസിസ്റ്റ്. സമനില തകര്‍ക്കാന്‍ ഇരു സംഘവും വാശിയോടെ പൊരുതിയങ്കിലും ആദ്യ പകുതി 1-1ന് അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സിറ്റി വീണ്ടും മുന്നിലെത്തി. 47ാം മിനിട്ടില്‍ റോഡ്രി നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് മെഹ്‌റിസാണ് ലക്ഷ്യം കണ്ടത്.
പക്ഷെ തൊട്ടടുത്ത മിനിട്ടില്‍ തന്നെ സലായിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. ഡാര്‍വിന്‍ ന്യൂനെസിന്‍റെ പാസിലായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. മത്സരം വീണ്ടും 2-2ന് സമനിലയിലെത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ സിറ്റി തയ്യാറായിരുന്നില്ല. ആക്രമണം കടുപ്പിച്ച സംഘം ഒടുവില്‍ 58ാം മിനിട്ടില്‍ നഥാന്‍ അകെയിലൂടെ വിജയ ഗോള്‍ നേടുകയായിരുന്നു.
ഡിബ്രുയ്ന്‍ ബോക്സിലേക്ക് നീട്ടി നല്‍കിയ ക്രോസില്‍ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലെത്തിച്ചത്. ശേഷിച്ച സമയത്ത് ഒപ്പമെത്താന്‍ ലിവര്‍പൂള്‍ പൊരുതി നോക്കിയെങ്കിലും സിറ്റി പ്രതിരോധം ഉലയാതെ നിന്നത് തിരിച്ചടിയായി. വിജയത്തോടെ സിറ്റി ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജനുവരി 10ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ക്വാര്‍ട്ടറില്‍ സതാംപ്ടണാണ് സംഘത്തിന്‍റെ എതിരാളി.
Also read: കരാര്‍ നീട്ടി, മെസി പിഎസ്‌ജിയില്‍ തുടരും; ഫ്രഞ്ച് ക്ലബ്ബിനൊപ്പം പരിശീലനത്തിനിറങ്ങി എംബാപ്പെ