കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് പുറത്ത്. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ കൊടൈ നരോക്കയോടാണ് പ്രണോയ് തോല്‍വി വഴങ്ങിയത്.
ലോക ഏഴാം നമ്പറായ ജപ്പാന്‍ താത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ് കീഴടങ്ങിയത്. നീണ്ട റാലികളാല്‍ കളം നിറഞ്ഞ ഇരു താരങ്ങളും കാണികളുടെ കയ്യടി നേടി. ആദ്യ സെറ്റ് കൈമോശം വന്ന ഇന്ത്യന്‍ താരം രണ്ടാം സെറ്റിന്‍റെ തുടക്കത്തില്‍ പിന്നിലായിരുന്നു.
എന്നാല്‍ പൊരുതിക്കളിച്ച താരം ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് ജപ്പാന്‍ താരം മത്സരം സ്വന്തമാക്കിയത്. അവസാന സെറ്റില്‍ വരുത്തിയ ചില പിഴവുകളാണ് പ്രണോയ്ക്ക് മത്സരം നഷ്‌ടമായത്.
82 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 16-21, 21-19, 10-21 എന്ന സ്‌കോറിനാണ് ജപ്പാന്‍ താരം മത്സരം പിടിച്ചത്. പ്രണോയിയുടെ പുറത്താകലോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ സിംഗിൾസ് പ്രതീക്ഷകള്‍ അവസാനിച്ചു. ആദ്യ റൗണ്ടിൽ പ്രണോയ് ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെയാണ് കീഴടക്കിയിരുന്നത്. പിവി സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത് എന്നിവരടക്കമുള്ള താരങ്ങളും ആദ്യ റൗണ്ടിൽ വീണിരുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ നരോക്കയ്‌ക്കെതിരെ പ്രണോയിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ലോക ഏഴാം നമ്പറായ നരോക്ക കളിക്കളത്തില്‍ ഏറെ സ്ഥിരതയോടെയാണ് കളിക്കുന്നത്. 2022 ഡിസംബറിലെ വേൾഡ് ടൂർ ഫൈനൽ ഉൾപ്പെടെ അവസാനം കളിച്ച 10 ടൂർണമെന്‍റുകളിൽ 8ലും സെമിയിലെത്താന്‍ നരോക്കയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
അതേസമയം 2022 അവസാനത്തോടെ എട്ടാം റാങ്കിലേക്ക് ഉയര്‍ന്ന പ്രണോയ്‌ക്ക് വീണ്ടുമൊരിക്കല്‍ കൂടെ നോക്കൗട്ടില്‍ കാലിടറി. കഴിഞ്ഞ വർഷം സ്വിസ് ഓപ്പണിന്‍റെ ഫൈനലിൽ എത്തിയ താരം മലേഷ്യ മാസ്റ്റേഴ്‌സിലും ഇന്തോനേഷ്യ ഓപ്പണിലും സെമി ഫൈനൽ പുറത്തായിരുന്നു.
ALSO READ: 'ഒരു ട്വിംഗോയ്ക്കായാണ് നീ ഒരു ഫെരാരി വിറ്റത്'; പീക്വെയെ കൊട്ടി ഷാക്കിറ?