ഷാങ്‌വോണ്‍ (സൗത്ത് കൊറിയ) : ഐഎസ്‌എസ്‌എഫ് ഷൂട്ടിങ് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ വെറ്ററന്‍ താരം മെയ്‌രാജ് അഹമ്മദ് ഖാന്‍. പുരുഷന്മാരുടെ സ്‌കീറ്റ് വിഭാഗത്തില്‍ 46 കാരനായ മെയ്‌രാജ് സ്വര്‍ണം സ്വന്തമാക്കി. 40 ഷോട്ടുകളുള്ള ഫൈനലില്‍ ഉത്തര്‍പ്രദേശുകാരനായ താരം 37 പോയിന്‍റോടെയാണ് ഒന്നാമതെത്തിയത്.
ഷൂട്ടിങ് ലോകകപ്പില്‍ സ്‌കീറ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. 36 പോയിന്‍റോടെ കൊറിയയുടെ മിന്‍സു കിം വെള്ളിയും, 26 പോയിന്‍റോടെ ബ്രിട്ടന്‍റെ ബെന്‍ ലെവെല്ലിൻ വെങ്കലവും നേടി. രണ്ട് ദിവസങ്ങളിലായി നടന്ന യോഗ്യതാമത്സരത്തിൽ 119/125 എന്ന സ്‌കോറാണ് നേടിയാണ് താരം ഫൈനലിലെത്തിയത്.
രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മെയ്‌രാജ് ഇന്ത്യയുടെ ലോകകപ്പ് ഷൂട്ടിങ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരമാണ്. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ താരം വെള്ളിമെഡല്‍ നേടിയിരുന്നു.