ദോഹ: പോളണ്ടിനെതിരായ മത്സത്തില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയത് ആരാധകര്‍ക്ക് നിരാശയായിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് പെനാല്‍റ്റി കിക്കുകള്‍ നഷ്‌ടപ്പെടുത്തുന്ന ആദ്യ താരമായി മെസി മാറി. കഴിഞ്ഞ ലോകകപ്പില്‍ ഐസ്‍ലന്‍ഡിനെതിരെയും താരം പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയിരുന്നു.
ഒരു പക്ഷെ അര്‍ജന്‍റീന പോളണ്ടിനോട് തോല്‍വി വഴങ്ങിയിരുന്നെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ഇതിന്‍റെ ഭാരമെല്ലാം മെസി ഒറ്റയ്‌ക്ക് ചുമയ്‌ക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ മെസിയുടെ പെനാല്‍റ്റി നഷ്‌ടത്തിനിടയിലും ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മത്സരം പിടിച്ച അര്‍ജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്‌തു.
ചരിത്രം അവര്‍ത്തിച്ചാല്‍ കിരീടം അര്‍ജന്‍റീനയ്‌ക്ക്: ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ അര്‍ജന്‍റീന പെനാല്‍റ്റി പാഴാക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഏറെ വകയുണ്ടെന്നതാണ് ചരിത്രം. കാരണം നേരത്തെ രണ്ട് തവണ ലോകകപ്പില്‍ കിരീടം ചൂടിയപ്പോഴും മൂന്നാം മത്സരത്തില്‍ അര്‍ജന്‍റീന പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയിരുന്നു.
1978ല്‍ സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്‍റിലാണ് അര്‍ജന്‍റീന ആദ്യമായി ലോക കിരീടം ചൂടുന്നത്. അന്ന് ബ്യൂണസ് അയേഴ്‌സിൽ ഇറ്റലിക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തില്‍ മാരിയോ കെംപ്‌സിനാണ് പെനാല്‍റ്റിയില്‍ പിഴച്ചത്.
മത്സരത്തില്‍ 1-0ത്തിന് തോറ്റ അർജന്‍റീന ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി. തുടര്‍ന്ന് ഫൈനലിലേക്ക് കുതിച്ച സംഘം ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ 3-1ന് തോല്‍പ്പിച്ചാണ് കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയ മാരിയോ കെംപ്‌സ് ഗോള്‍ഡന്‍ ബൂട്ട് വിജയിയായതും ചരിത്രം.
പിന്നീട് എട്ട് വര്‍ഷത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍ 1986ല്‍ മെക്‌സിക്കോയില്‍ വെസ്റ്റ് ജര്‍മനിയെ കീഴടക്കിയാണ് അര്‍ജന്‍റീന തങ്ങളുടെ രണ്ടാം കിരീടം നേടുന്നത്. അന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ബൾഗേറിയയ്‌ക്കെതിരെ പിഴച്ചത് സാക്ഷാല്‍ ഡീഗോ മറഡോണയ്‌ക്ക്.
എന്നാല്‍ മത്സരത്തില്‍ 2-0ത്തിന് ജയിക്കാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയെങ്കിലും അന്ന് ഏറെക്കുറെ ഒറ്റയ്‌ക്കായിരുന്നു മറഡോണ ടീമിനെ മുന്നോട്ട് നയിച്ചത്. അന്ന് അഞ്ചു ഗോളുകള്‍ നേടിയ മറഡോണയായിരുന്നു ടൂർണമെന്‍റിലെയും താരം.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ‘ദൈവത്തിന്‍റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്‌തമാണ്. 60 മീറ്റർ (66 വാര) അകലെ നിന്നും അഞ്ച് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് ഗോളിയേയും മറികടന്നു നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്‍റെ ഗോൾ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഖത്തറിലും ചരിത്രം ആവര്‍ത്തിച്ചാല്‍ ലോക കിരീടം മെസിക്കും സംഘത്തിനൊപ്പം അര്‍ജന്‍റീനയിലേക്ക് പറക്കുമെന്നുറപ്പ്.
ഖത്തറില്‍ ഇതേവരെ: ആദ്യ മത്സരത്തില്‍ സൗദിയോട് അട്ടിമറി തോല്‍വി വഴങ്ങിയ ലയണല്‍ സ്‌കലോണിയുടെ സംഘം തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചാണ് ടൂര്‍ണമെന്‍റില്‍ മുന്നേറ്റം ഉറപ്പിച്ചത്. 36 മത്സരങ്ങളില്‍ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്‍റീനയെ 2-1നാണ് ഗ്രീന്‍ ഫാല്‍ക്കണ്‍സ് അട്ടിമറിച്ചത്.
രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും സംഘം വിജയിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ എതിരാളി.
Also read: Explained: ജപ്പാന് വിവാദ ഗോള്‍ അനുവദിച്ചത് എങ്ങനെ?; വിദഗ്‌ധര്‍ പറയുന്നത് എന്ത്?