പാരീസ് : സൂപ്പര്‍ താരം ലയണല്‍ മെസിയുമായുള്ള ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ കരാര്‍ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസിയും പിഎസ്‌ജിയും ഇതേവരെ ധാരണയില്‍ എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ 35കാരനായ മെസി തന്‍റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മെസിയുടെ പിതാവും പ്രതിനിധിയുമായ ജോര്‍ജ് മെസി. താരം ബാഴ്‌സയിലേക്ക് തിരികെയെത്താനുള്ള സാധ്യതകള്‍ തള്ളിയിരിക്കുകയാണ് ജോർജ് മെസി.
"ഞാൻ അങ്ങനെ കരുതുന്നില്ല, സാഹചര്യങ്ങൾ ശരിയല്ല" ജോർജ് മെസി ബാഴ്‌സലോണ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാഴ്‌സ പ്രസിഡന്‍റ് ജോവാൻ ലാപോർട്ടുമായി ഒരു കരാറിനെക്കുറിച്ച് താന്‍ സംസാരിച്ചിട്ടില്ലെന്നും മെസിക്ക് നിലവില്‍ പിഎസ്‌ജിയുമായി കരാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഴ്‌സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് 2021 ഓഗസ്റ്റിലാണ് മെസി പിഎസ്‌ജിയിലെത്തിയത്. ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ബാഴ്‌സയ്‌ക്ക് മെസിയെ കൈവിടേണ്ടിവന്നത്. കറ്റാലന്മാര്‍ക്കൊപ്പം 778 മത്സരങ്ങള്‍ കളിച്ച താരം 672 ഗോളുകൾ അടിച്ച് കൂട്ടിയിട്ടുണ്ട്.
ALSO READ: യൂറോപ്പ ലീഗ്: നൗക്യാമ്പില്‍ സൂപ്പര്‍ ത്രില്ലര്‍; സമനിലയില്‍ പിരിഞ്ഞ് ബാഴ്‌സയും യുണൈറ്റഡും
35 കിരീടങ്ങളും മെസി ക്ലബ്ബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കറ്റാലന്മാര്‍ക്ക് വേണ്ടി കളിക്കാനായില്ലെങ്കിലും കരിയര്‍ അവസാനിച്ചാല്‍ ബാഴ്‌സലോണയിലായിരിക്കും തന്‍റെ താമസമെന്ന് മെസി അടുത്തിടെ പറഞ്ഞിരുന്നു. "എന്‍റെ കരിയർ അവസാനിച്ചാല്‍, ഞാൻ ബാഴ്‌സലോണയിലേക്ക് മടങ്ങും, അവിടം എന്‍റെ വീടാണ്" - മെസി പറഞ്ഞു.
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ താന്‍ ഉപയോഗിച്ച വസ്‌തുക്കളെല്ലാം തന്നെ വൈകാതെ തന്നെ ബാഴ്‌ലോണയിലെത്തിക്കുമെന്നും സൂപ്പര്‍ താരം പറഞ്ഞു. "ലോകകപ്പ് ഫൈനലിലെ ബൂട്ടുകൾ, ടീ-ഷർട്ടുകൾ...അങ്ങനെയെല്ലാം തന്നെ എഎഫ്‌എ പ്രോപ്പർട്ടിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അവയെല്ലാം വരുന്ന മാർച്ചിൽ, ഞാൻ ബാഴ്‌സലോണയിലേക്ക് കൊണ്ടുപോകും. അവിടെ എനിക്ക് ഒരുപാട് വസ്‌തുക്കളും ഓർമകളുമുണ്ട്" - മെസി കൂട്ടിച്ചേര്‍ത്തു.