പാരീസ്: അര്‍ജന്‍റീനയുടെ ദേശീയ ടീമിലും ഇപ്പോള്‍ പിഎസ്‌ജിയിലും സഹതാരങ്ങളാണ് ലയണല്‍ മെസിയും ലിയാൻഡ്രോ പരഡെസും. മെസിയുമായി അടുത്ത സൗഹൃദമുള്ള പരഡെസാണ് താരത്തിന്‍റെ പിഎസ്‌ജിയിലേക്കുള്ള വരവിന് മുഖ്യ പങ്ക് വഹിച്ചതും. എന്നാൽ മെസിയുമായുള്ള സൗഹൃദത്തിന് മുന്നെയുള്ള ചെറിയൊരു സംഘർഷത്തിന്‍റെ കഥ വെളിപ്പെടുത്തിരിക്കുകയാണ് പരഡെസ്.
2020-21 സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറില്‍ ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ സംഭവമാണ് പരഡെസ് വെളിപ്പെടുത്തിയിരിക്കുന്നത്. ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങൾ ഉണ്ടായത്. മത്സരത്തില്‍ ഫൗൾ ചെയ്‌തതിനു ശേഷം പരഡെസ് പറഞ്ഞ ഒരു കമന്‍റാണ് മെസിയെ ചൊടിപ്പിച്ചത്.
മെസിക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നതായി പരഡെസ് പറഞ്ഞു. "അദ്ദേഹത്തിന് ശരിക്കും ദേഷ്യം വന്നു, കാരണം ഞാനെന്‍റെ സഹതാരത്തോട് പറഞ്ഞ ഒരു കമന്‍റ് അദ്ദേഹം കേട്ടു. മെസി ശരിക്കും ദേഷ്യത്തിലായിരുന്നു.
ഞാൻ ശരിക്കും കുടുങ്ങിപ്പോവുകയും ചെയ്‌തു, അതൊരു മോശം അവസ്ഥയായിരുന്നു. അദ്ദേഹത്തിനെന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായപ്പോൾ, എനിക്ക് എങ്ങിനെയെങ്കിലും വീട്ടിൽ പോകാനായിരുന്നു ആഗ്രഹം." പിഎസ്‌ജിയുടെ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായ പരഡെസ് കാജാ നെഗ്രയോട് പറഞ്ഞു.
അന്നുണ്ടായത് ഒരു മോശം അനുഭവമായിരുന്നു. എന്നാല്‍ അത് കൂടുതൽ പ്രശ്‌നങ്ങളൊന്നും സൃഷ്‌ടിച്ചില്ല. പിന്നീട് അർജന്‍റീന ടീമിൽ വെച്ചു കണ്ടപ്പോൾ മെസി വളരെ സാധാരണമായാണ് പെരുമാറിയതെന്നും പരഡെസ് കൂട്ടിച്ചേര്‍ത്തു. ''ഒരു നല്ല വ്യക്തിയാണെന്ന് കാണിച്ചു തന്ന അദ്ദേഹവുമായുള്ള ബന്ധം തുടരുകയാണ്. ഇപ്പോൾ ആ സംഭവം സംസാരത്തിൽ വരുമ്പോൾ ഞങ്ങൾ ചിരിക്കുകയാണ് ചെയ്യാറുള്ളത്." പരഡെസ് പറഞ്ഞു.