മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സെല്‍റ്റാ വിഗോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ലൂക്കാ മോഡ്രിച്ചിന്‍റെ തകര്‍പ്പന്‍ ഫോമാണ് റയലിന് മിന്നുന്ന ജയമൊരുക്കിയത്.
ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയ ലൂക്കാ മോഡ്രിച്ച് ഒരു ഗോളിനും വഴിയൊരുക്കി. മോഡ്രിച്ചിന് പുറമെ കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍, ഫെഡറികോ വാല്‍വെര്‍ഡെ എന്നിവരും റയലിനായി വലകുലുക്കി. ലാഗോ അസ്‌പാസാണ് സെല്‍റ്റാ വിഗോയുടെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ 14ാം മിനിട്ടില്‍ തന്നെ റയല്‍ മുന്നിലെത്തി. പെനാല്‍റ്റിയിലൂടെ ബെന്‍സിമയാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ 23ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സെല്‍റ്റാ വിഗോ ഗോള്‍ മടക്കി. തുടര്‍ന്ന് മോഡ്രിച്ചിലൂടെ റയല്‍ ലീഡെടുത്തു. 25 വാര അകലെ നിന്നുമുള്ള താരത്തിന്‍റെ സൂപ്പര്‍ ഗോളിന് അബാലയാണ് വഴിയൊരുക്കിയത്.
കൂടുതല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതിയില്‍ പിടിച്ച് നില്‍ക്കാന്‍ സെല്‍റ്റാ വിഗോയ്‌ക്ക് കഴിഞ്ഞു. എന്നാല്‍ 56ാം മിനിട്ടില്‍ വിനീഷ്യസ് വീണ്ടും റയലിന്‍റെ ലീഡുയര്‍ത്തി. കൗണ്ടര്‍ അറ്റാക്കില്‍ മോഡ്രിച്ച് നല്‍കിയ പാസിലാണ് വിനീഷ്യസിന്‍റെ ഗോള്‍ നേട്ടം. 66ാം മിനിട്ടിലാണ് റയലിന്‍റെ പട്ടികയിലെ അവസാന ഗോള്‍ പിറന്നത്. മറ്റൊരു കൗണ്ടര്‍ അറ്റാക്ക് ഗോളിന് വഴിയൊരുക്കിയത് വിനീഷ്യസാണ്.
87ാം മിനിട്ടില്‍ ഈഡന്‍ ഹസാര്‍ഡ് റയലിന്‍റെ പെനാല്‍റ്റി പാഴാക്കിയത് സെല്‍റ്റാ വിഗോയ്‌ക്ക് ആശ്വാസമായി. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ഒസാസുന കാഡിസിനെയും (2-0), റയല്‍ ബെറ്റിസ് മല്ലോര്‍ക്കയെയും (2-1) പരാജയപ്പെടുത്തി.