പാരീസ്: സൂപ്പര്‍ താരം കിലിയൻ എംബാപ്പെ ഫ്രാൻസ് ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ നായകനായി സ്ഥാനമേറ്റെന്ന് റിപ്പോര്‍ട്ട്. ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഫ്രാന്‍സ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ ദിദിയർ ദെഷാംപ്‌സുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 24കാരനായ എംബാപ്പെ തീരുമാനം അംഗീകരിച്ചത്.
ലോറിസിന്‍റെ പിന്‍ഗാമി: ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഹ്യൂഗോ ലോറിസിന്‍റെ പിന്‍ഗാമിയാണ് എംബാപ്പെ ഫ്രഞ്ച് ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 36ാം വയസിലാണ് ഹ്യൂഗോ ലോറിസ് തന്‍റെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിട്ടത്. ഫ്രഞ്ച് ടീം ആരുടെയും സ്വന്തമല്ലെന്നും ക്ലബ് കരിയറില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ലക്ഷ്യമെന്നും വിരമിക്കല്‍ വേളയില്‍ താരം വ്യക്തമാക്കിയിരുന്നു.
ഒരു ദശാബ്ദത്തിലേറെ ഫ്രഞ്ച് ടീമിനെ നയിച്ചതിന് ശേഷമാണ് ഹ്യൂഗോ ലോറിസ് തന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചത്. 2008 നവംബറില്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ ലോറിസ് 2012ലാണ് ടീമിന്‍റെ നായക പദവി ഏറ്റെടുക്കുന്നത്. പിന്നീട് 2018ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ച താരം 2022ലെ ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിലേക്കും ടീമിനെ എത്തിച്ചു.
ഇതടക്കം നാല് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും 36കാരനായ ലോറിസ് ഫ്രാന്‍സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് കൂടെ സ്വന്തമാക്കിയായിരുന്നു 36കാരനായ ലോറിസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചത്. 145 മത്സരങ്ങളില്‍ ഫ്രഞ്ച് ടീമിന്‍റെ ഗോള്‍ വല കാത്ത ലോറിസ്, ഇതില്‍ 121 മത്സരങ്ങളിലും ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിഞ്ഞാണ് കളിച്ചത്.
വൈസ് ക്യാപ്റ്റനായിരുന്ന സെന്‍റർ ബാക്ക് റാഫേൽ വരാനെയുടെ പേരാണ് ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ താരം അപ്രതീക്ഷതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ അന്‍റോയിൻ ഗ്രീസ്‌മാനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. കരിം ബെൻസീമ, സ്റ്റീവ് മന്ദണ്ട എന്നിവരുടെ പേരും നായക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഇരുവരും അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു.
പരിചയ സമ്പന്നനായ താരം: വയസില്‍ ഇളപ്പമാണെങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ ഏറെ പരിചയ സമ്പന്നനായ താരമാണ് എംബാപ്പെ. 2017ല്‍ ഫ്രാന്‍സിനായി അരങ്ങേറ്റം നടത്തിയ 24കാരന്‍ ടീമിനായി ഇതേവരെ 66 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലേയും ഫ്രാന്‍സിന്‍റെ മിന്നും പ്രകടനത്തില്‍ നിര്‍ണായക പങ്കാണ് എംബാപ്പെയ്‌ക്കുള്ളത്.
ഖത്തര്‍ ലോകകപ്പില്‍ എംബാപ്പെ നേടിയ ഹാട്രിക് ഗോളുകളാണ് അര്‍ജന്‍റീനയ്‌ക്കെതിരായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു അര്‍ജന്‍റീന ഫ്രാന്‍സിനെ കീഴടക്കിയത്. അര്‍ജന്‍റീനയ്‌ക്കായി നായകന്‍ ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ വലകുലുക്കി.
ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴയ്‌ക്കുകയായിരുന്നു. ലയണല്‍ മെസി ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത് എംബാപ്പെയ്‌ക്ക് ആയിരുന്നു. അതേസമയം വെള്ളിയാഴ്ച നടക്കുന്ന നെതർലാൻഡിനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിലാണ് ക്യാപ്റ്റനെന്ന നിലയില്‍ എംബാപ്പെയുടെ അരങ്ങേറ്റം.
ALSO READ: WATCH: 35 വാര അകലെ നിന്നും ക്രിസ്റ്റ്യാനോയുടെ വെടിച്ചില്ല് ഫ്രീ കിക്ക് ഗോള്‍