കോഴിക്കോട്: ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ അതിന്‍റെ ആവേശം ദിനംതോറും ഉയരുകയാണ്. എല്ലാ വര്‍ഷങ്ങളിലേയും പോലെ ഇപ്രാവശ്യവും അര്‍ജന്‍റീന - ബ്രസീല്‍ ആരാധകര്‍ തന്നെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി മുന്‍പന്തിയില്‍. കോഴിക്കോട് പുള്ളാവൂരില്‍ അര്‍ജന്‍റീന ആരാധകര്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ചെറുപുഴയില്‍ സ്ഥാപിച്ചിരുന്നു.
അതിന് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകരിപ്പോള്‍. മെസിപ്പട സ്ഥാപിച്ച കട്ടൗട്ടിന് മുന്നിലാണ് 'സുല്‍ത്താന്‍' ആരാധകര്‍ ഇഷ്‌ടതാരത്തിന്‍റെ കട്ടൗട്ട് സ്ഥാപിച്ചത്. 35 അടി ഉയരമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍റെ കട്ടൗട്ടിനുള്ളത്. വലിയ ആഘോഷത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിക്കാനെത്തിയത്.
അർജൻ്റീന ആരാധകരെ വാശി പിടിപ്പിക്കാൻ മുൻ കാലങ്ങളിൽ ബ്രസീൽ ഉയർത്തിയ ലോകകപ്പുമായാണ് ആരാധകർ പുഴയിലേക്ക് എത്തിയത്. 1958, 1962, 1970, 1994, 2002 എന്നീ വർഷങ്ങളിൽ ബ്രസീൽ ലോകകപ്പ് ഉയർത്തിയപ്പോൾ 1978, 1986 വർഷങ്ങളിലാണ് അർജൻ്റീന ജേതാക്കളായത്. ഫുട്ബോൾ മാമാങ്കത്തിന് നാൾ എണ്ണി, ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുമ്പോൾ വാശിക്ക് തിരികൊളുത്തിയത് അർജൻ്റീനിയൻ ആരാധകരായിരുന്നു.
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇങ്ങ് കേരളത്തില്‍ ഈ അങ്കം. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ചിത്രം പങ്കുവച്ച് കേരളത്തിലെ അര്‍ജന്‍റീന ആരാധകരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.