എറണാകുളം: നാലാമത് കേരള വിമന്‍സ് ലീഗ് ഫുട്‌ബോളിന് നാളെ (10-08-2022) കിക്കോഫ്. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് കേരള യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികള്‍.
കേരള ബ്ലാസ്‌റ്റേഴ്‌സ് വനിത ടീമിനും നാളെ മത്സരമുണ്ട്. എമിറേറ്റ്സ് എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാലാണ് മത്സരം. ഒക്ടോബര്‍ 15-ന് അവസാനിക്കുന്ന ടൂര്‍ണമെന്‍റ് നേക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക.
കേരള വിമൻസ് ലീഗിലെ വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കേരള വിമൻസ് ലീഗ് മത്സരങ്ങള്‍.
ഗോകുലം കേരള എഫ്‌സി, ഡോൺ ബോസ്കോ എഫ്എ, കേരള യുണൈറ്റഡ് എഫ്‌സി . കടത്തനാട് രാജാ എഫ്എ , ലൂക്കാ സോക്കർ ക്ലബ്ബ് , കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സി , ലോർഡ്‌സ് എഫ് എ , കൊച്ചി വൈഎംഎഎ , എമിറേറ്റ്സ് എഫ് സി, എസ്.ബി.എഫ്.എ പൂവാർ, ബാസ്കോ ഒതുക്കങ്ങൽ എന്നിവയാണ് കേരള വിമൻസ് ലീഗിൽ പങ്കെടുക്കുന്ന പത്തു ടീമുകൾ.
ഇന്ന് (09-08-2022) കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്‍റ് ട്രോഫി പുറത്തിറക്കി. രാംകോ സിമന്‍റ്‌സ് ആണ് കേരള വിമൻസ് ലീഗിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍.