കൊല്‍ക്കത്ത: ഈസ്‌റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ കുത്തിവീഴ്‌ത്തി കേരളത്തിന്‍റെ കൊമ്പന്മാര്‍. വിവേകാനന്ദ യുഭ ഭാരതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. അതേസമയം മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് പെനാല്‍ട്ടി സേവുകളും മിന്നും പ്രകടനവുമായി ഗോള്‍വല കാത്ത സച്ചിന്‍ സുരേഷാണ് കളിയിലെ താരം.
മത്സരത്തിന്‍റെ ആദ്യ നിമിഷം മുതല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഒത്തിണക്കത്തോടെയായിരുന്നു പന്തുതട്ടിയത്. പ്രതിരോധ നിരയിലെ കെട്ടുറപ്പും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി. ഈസ്‌റ്റ് ബംഗാള്‍ താരങ്ങളുടെ തള്ളിക്കയറ്റം പ്രതിരോധിക്കുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഡാനിഷ് ഫാറൂഖിനും പ്രീതം കോട്ടാലിനും നേരെ മഞ്ഞക്കാര്‍ഡും ഉയര്‍ന്നു.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ 'സുഖോയ്': അങ്ങനെയിരിക്കെ മത്സരത്തിന്‍റെ 32 ആം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ ഗോള്‍ പിറക്കുന്നത്. പ്രതിരോധനിരയില്‍ നിന്നും ദിമിത്രിയോസ് ഡയമന്‍റകോസിലേക്ക് എത്തിയ പന്ത് താരം വരുതിയിലാക്കും മുമ്പേ രണ്ട് ഈസ്‌റ്റ് ബംഗാള്‍ താരങ്ങള്‍, ദിമിയില്‍ പന്തുതട്ടിപറിക്കാനെത്തുന്നു. ഈ സമയം അതിവേഗം ഇടപെട്ട നായകന്‍ ലൂണ മികച്ച ഡയഗണല്‍ ബോളിലൂടെ പന്ത് ദെയ്‌സുകി സകായിലേക്ക് എത്തിച്ചു. പന്തുമായി സിക്‌സ് യാര്‍ഡ് ബോക്‌സിലേക്ക് കുതിച്ചുകയറിയ സകായ്, ഈസ്‌റ്റ് ബംഗാള്‍ പ്രതിരോധതാരത്തെ മറികടന്ന് ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് വീറോടെ തന്നെ പന്തുതട്ടി. ഇതിനിടെ 85 ആം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലുണ്ടായ സംഭവവികാസത്തില്‍ ഈസ്‌റ്റ് ബംഗാളിന് പെനാല്‍റ്റിയും അനുവദിക്കപ്പെട്ടു. പെനാല്‍റ്റി എടുക്കാനെത്തിയ ഈസ്‌റ്റ് ബംഗാള്‍ താരം ക്ലെയ്‌റ്റണ്‍ സില്‍വയുടെ ആദ്യ ഷോട്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് തടഞ്ഞു. എന്നാല്‍ ഷോട്ടിന് മുമ്പേ വര മറികടന്നുവെന്ന കാരണം പറഞ്ഞ് റഫറി വീണ്ടും പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. ഇത്തവണയും സച്ചിന്‍ നെഞ്ചുംവിരിച്ച് പന്ത് തട്ടിയകറ്റി.
ഡയമണ്ട് പോലൊരു ഗോള്‍: തൊട്ടുപിന്നാലെ ദിമിത്രിയസ് ഡയമന്‍റകോസിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയഗോളുമെത്തി. എന്നാല്‍ വിജയാഹ്ളാദത്തില്‍ ജഴ്‌സിയൂരി കാണിച്ചതിന് ദിമിത്രിയോസിന് റെഡ് കാര്‍ഡും പിന്നാലെയെത്തി. മത്സരത്തിന് അധിക സമയമായി അനുവദിച്ച ഏഴ് മിനുട്ടിന്‍റെ അവസാന നിമിഷങ്ങളിലാണ് ഈസ്‌റ്റ് ബംഗാളിന്‍റെ ഗോള്‍ എത്തുന്നത്.
ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ സില്‍വയെ ലക്ഷ്യംവച്ച് വന്ന പന്ത് തടയുന്നതിനിടെ തട്ടിയകറ്റാന്‍ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം സന്ദീപ് സിങിന്‍റെ ഹാന്‍ഡ് ബോളിനായിരുന്നു ഈ പെനാല്‍റ്റി. എന്നാല്‍ ആദ്യ രണ്ട് തവണയും പെനാല്‍റ്റിയും നഷ്‌ടപ്പെടുത്തിയ ക്ലെയ്‌റ്റണ്‍ സില്‍വ ഇത്തവണ ലക്ഷ്യം കണ്ടു. മത്സരത്തില്‍ വിജയിച്ചതോടെ ആറ് മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുമെത്തി. അഞ്ച് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമുള്ള ഈസ്‌റ്റ് ബംഗാള്‍ പട്ടികയില്‍ 10 ആം സ്ഥാനത്താണുള്ളത്.