കൊച്ചി : ലീഗിലെ അവസാന മത്സരം സ്വന്തം തട്ടകത്തില്‍ ജയിച്ച് പ്ലേ ഓഫിലേക്കുള്ള യാത്ര രാജകീയമാക്കാനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ മോഹങ്ങള്‍ വീണുടഞ്ഞു. കരുത്തരായ ഹൈദരാബാദ് എഫ്‌സിയോട് ഏകപക്ഷീയമായ തോല്‍വി വഴങ്ങിയ ടീമിന് 31 പോയിന്‍റുമായി അഞ്ചാംസ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. അതേസമയം തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ പ്ലേ ഓഫിലെ മത്സരത്തിന് ടീം സജ്ജമാണോ എന്ന ചോദ്യവും ആരാധകരില്‍ അവശേഷിപ്പിക്കുന്നുണ്ട്.
ഒന്നില്‍ വീണു, പിന്നെ എഴുന്നേറ്റില്ല : മത്സരത്തിന്‍റെ ആദ്യ പകുതി കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് നിരാശ നല്‍കുന്നതായിരുന്നു. മത്സരത്തില്‍ 29ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ തന്നെ മുന്‍താരമായിരുന്ന ഹാലിചരൺ നർസാരിയുടെ പാസിൽ നിന്നും ബോർഹ ഹെരേര വലകുലുക്കിയതോടെ സ്‌റ്റേഡിയം പ്രതീക്ഷകള്‍ അസ്‌തമിച്ച പ്രതീതിയിലായി. എന്നാല്‍ വഴങ്ങിയ ഗോളുകള്‍ക്ക് ശേഷം തിരിച്ചടിച്ച പാരമ്പര്യമുള്ള ടീമിന് കാണികള്‍ പരമാവധി ഊര്‍ജം നല്‍കിക്കൊണ്ടിരുന്നു.
ആ 'രണ്ടും' ഗോളായിരുന്നെങ്കിലോ?: മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് നേടി മുന്നിലെത്തിയ ഹൈദരാബാദിനുള്ള മറുപടി ഗോളിനായുള്ള ശ്രമങ്ങള്‍ അടുത്ത നിമിഷം മുതല്‍ തുടങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനേവിച്ച് മുമ്പ് വാര്‍ത്താസമ്മേളനങ്ങളില്‍ വ്യക്തമാക്കിയത് പോലെ ഫിനിഷിങ് അകന്നുനിന്നു. എന്നാല്‍ ഒരു ഗോളിന്‍റെ മാര്‍ജിനില്‍ നിന്ന് ഇരുപകുതികളില്‍ നിന്നുമായി ഹൈദരാബാദ് വീണ്ടും രണ്ട് ഗോളുകള്‍ സ്വന്തമാക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ കുരുങ്ങി ഒഴിവായതിനാല്‍ കേരളത്തിന്‍റെ പരാജയഭാരവും കുറഞ്ഞു.
Also Read:ബാഴ്‌സയിലേക്കല്ല, മെസി അടുത്ത സീസണില്‍ ഇവിടെ കളിക്കും; വമ്പന്‍ പ്രവചനവുമായി സെര്‍ജിയോ അഗ്യൂറോ
പ്ലേ ഓഫ് പാളുമോ? : അതേസമയം മുമ്പേ തന്നെ നേരിട്ട് സെമി ഉറപ്പാക്കിയ ഹൈദരാബാദിന് ഇന്ന് കലൂരില്‍ നേടിയ മൂന്ന് പോയിന്‍റുകള്‍ കൂടി ചേര്‍ത്തുവയ്‌ക്കുമ്പോള്‍ 42 പോയിൻറുമായി ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കാനുമായി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ കാര്യത്തില്‍ ഒന്നും തന്നെ സുഖകരമല്ല. മാർച്ച് മൂന്നിന് സെമിഫൈനൽ ലക്ഷ്യമിട്ട് നടക്കുന്ന പ്ലേ ഓഫ് മത്സരത്തില്‍ നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിയെയാണ് ബ്ലാസ്‌റ്റേഴ്സ് നേരിടുന്നത്. മത്സരം ബെംഗളൂരുവിന്‍റെ തട്ടകത്തിലാണ് എന്നത് ഛേത്രിപ്പടയ്‌ക്ക് മുന്‍തൂക്കവും നല്‍കുന്നുണ്ട്.
Also Read: 'നിർഭാഗ്യത്തെ പഴിക്കാം, പക്ഷേ ആത്മാർഥമായി പരിശ്രമിച്ചിരുന്നെങ്കിൽ' ; ഹർമൻപ്രീതിനെതിരെ അലിസ ഹീലി
കൂനിന്മേല്‍ കുരുവായി 'മഞ്ഞക്കാര്‍ഡ്': മാത്രമല്ല മധ്യനിരയിലെ യുക്രെയ്‌നിയന്‍ മിസൈല്‍ ഇവാന്‍ കലുഷ്‌നി അടുത്ത മത്സരത്തിലുണ്ടാവില്ല എന്നതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാവും. ഇന്നത്തെ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ സീസണിൽ ഏഴാമത്തെ മഞ്ഞക്കാർഡും സ്വന്തമാക്കിയതുവഴി താരത്തിന് അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല. ഇവാന്‍റെ കുറവ് ബ്ലാസ്‌റ്റേഴ്‌സ് പദ്ധതികളെ അടപടലം തകര്‍ത്തെറിയുമെന്ന കാര്യവും ഉറപ്പാണ്.