ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണൽ മെസി ബാഴ്‌സലോണ കുപ്പായത്തില്‍ തന്നെ തന്‍റെ കരിയര്‍ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് പ്രസിഡന്‍റ് യുവാൻ ലപോർട്ട. 21 വർഷത്തെ ബാഴ്‌സലോണ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ സമ്മറിലാണ് മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ഫിനാൻഷ്യൽ ഫെയർ പ്ലേ പാലിക്കുന്നതിന്‍റെ ഭാഗമായാണ് വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കറ്റാലന്മാര്‍ക്ക് താരത്തെ കൈവിടേണ്ടി വന്നത്.
എന്നാല്‍ ബൂട്ടഴിക്കും മുമ്പ് 35കാരനായ മെസി ബാഴ്‌സയിലേക്ക് തന്നെ മടങ്ങിയെത്തുമെന്നാണ് ലപോർട്ട വിശ്വസിക്കുന്നത്. "നമ്മള്‍ എല്ലാവരും ഇഷ്‌ടപ്പെടുന്നത് പോലെ, ബാഴ്‌സയിൽ മെസിയുടെ സമയം അവസാനിച്ചില്ല.
മെസിയോട് ബാഴ്‌സയ്ക്ക് ധാർമ്മികമായ കടപ്പാടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മെസിയുടെ കരിയറിന്‍റെ അവസാനം ബാഴ്‌സ ജേഴ്‌സിയിലാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ എവിടെ പോയാലും എല്ലാ ഗ്രൗണ്ടുകളിലും കൈയ്യടി നേടും", ക്ലബ്ബിന്‍റെ പ്രീ സീസൺ പര്യടനത്തിനിടെ ലപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.
ബാഴ്‌സയിലെ മെസിയുടെ കരിയറിന്‍റെ വിരാമം താത്‌കാലികം മാത്രമാണ്. തന്‍റെ ആഗ്രഹം മെസി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ലപോർട്ട കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മെസിയുമായി ഒന്നും ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിഎസ്‌ജിയുമായി മെസിക്ക് ഒരു വര്‍ഷത്തെ കരാര്‍ കൂടി അവശേഷിക്കുന്നുണ്ട്. ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാവുന്ന തരത്തിലാണ് കരാര്‍. കഴിഞ്ഞ സീസണില്‍ പിഎസ്‌ജിയുടെ കുപ്പായത്തില്‍ 11 ഗോളുകള്‍ മാത്രമാണ് മെസിക്ക് നേടാനായത്. 2007-08 ന് ശേഷം ഒരു സീസണിൽ 30ൽ താഴെ ഇതാദ്യമായാണ് താരം സ്‌കോര്‍ ചെയ്യുന്നത്.