പനാജി : ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് ബെംഗളൂരുവിന്‍റെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്. പ്രിന്‍സ് ഇബ്ര ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡാനിഷ് ഫാറൂഖും ലക്ഷ്യം കണ്ടു.
എട്ടാം മിനിട്ടില്‍ ഡാനിഷ് ഫാറൂഖാണ് ബെംഗളൂരുവിനായി ആദ്യ ഗോള്‍ നേടിയത്. ബോക്‌സില്‍ നിന്നുള്ള ക്ലെയിറ്റണ്‍ സില്‍വയുടെ ഗോളവസരം മുംബൈ താരം മൊര്‍ത്താദ ഫാള്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച ഡാനിഷിന്‍റെ ഷോട്ട് വല കുലുക്കി.
23ാം മിനിട്ടില്‍ മുംബൈയുടെ പ്രതിരോധത്തിന്‍റെ പിഴവാണ് പ്രിന്‍സ് ഇബ്രയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. റോഷന്‍ നാവോറമിന്‍റെ ക്രോസില്‍ ഹെഡ്ഡറിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് (45+5) ബെംഗളൂരുവിന്‍റെ പട്ടികയിലെ മൂന്നാം ഗോളും പിറന്നത്. റോഷന്‍ നവോറമിന്‍റെ കോര്‍ണറില്‍ നിന്നായിരുന്നു ഇബ്രയുടെ ഗോള്‍ നേട്ടം.
ബെംഗളൂരുവിന്‍റെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറാനും ബെംഗളൂരുവിനായി.
11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്‍റുള്ള മുംബൈ രണ്ടാം സ്ഥാനത്താണ്.