പനാജി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കാണ് സ്‌പാനിഷ് താരം അല്‍വാരോ വാസ്‌ക്വെസിനുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ മിക്കമത്സരങ്ങള്‍ക്കും കളത്തിലിറങ്ങിയ താരം സീസണില്‍ എട്ട് ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വരും സീസണില്‍ 30കാരനായ സ്‌പാനിഷ് സ്‌ട്രൈക്കര്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. എഫ്‌സി ഗോവയുമായി വാസ്‌ക്വെസ് ധാരണയിലെത്തിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. രണ്ട് വര്‍ഷക്കരാറിലാണ് താരം ഗോവയിലേക്ക് ചേക്കേറുക.
മേയ് 31വരെയാണ് വാസ്‌ക്വെസിന് ബ്ലാസ്‌റ്റേഴ്‌സുമായി കരാറുള്ളത്. ഇതിന് പിന്നാലെ അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങ്ങായി വാസ്‌ക്വെസ് ഔദ്യോഗികമായി തന്നെ ഗോവയിലെത്തും. വാസ്‌ക്വെസിനായി യുഎസ്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും മറ്റ് ചില ഐഎസ്എല്‍ ക്ലബുകളും ശ്രമം നടത്തിയിരുന്നു.
also read: PREMIER LEAGUE: വിയ്യാറയലിനെ തകർത്ത് ലിവർപൂൾ; വിജയം എതിരില്ലാത്ത രണ്ട് ഗോളിന്
എന്നാല്‍ ഗോവയില്‍ കളിക്കാന്‍ താരം സമ്മതം അറിയിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഗോവയ്‌ക്ക് കഴിഞ്ഞിരുന്നില്ല. 2016-ന് ശേഷം ആദ്യമായി സെമിയിൽ കടക്കാതെയാണ് ടീം സീസണ്‍ അവസാനിച്ചത്. 20 മത്സരങ്ങളില്‍ നാല് ജയം മാത്രം നേടിയ സംഘം ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.