മഷാദ്: ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ വനിതകൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഇറാൻ. ഖത്തർ ലോകകപ്പ് യോഗ്യത മത്സരത്തിൽ ലബനനെതിരായ മത്സരത്തിന് മുൻപായാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. അതേസമയം സർക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
ഇറാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ മഷാദിലെ ഇമാം റെസെ സ്റ്റേഡിയത്തിൽ ലെബനനെതിരായ മത്സരം കാണാൻ ഏകദേശം രണ്ടായിരത്തോളം സ്‌ത്രീകൾ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ അധികൃതർ ഇവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല.മത്സരം ഇറാൻ 2-0 ന് വിജയിച്ചെങ്കിലും സർക്കാരിന്‍റെ ഈ പഴഞ്ചൻ നിയമത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.
ഇറാനെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നടക്കം വിലക്കണം എന്ന ആവശ്യമാണ് ഫുട്‌ബോൾ പ്രേമികൾ ഉന്നയിക്കുന്നത്. 2022 ജനുവരിയിൽ ഇറാഖിനെതിരായ മത്സരത്തിൽ സ്‌ത്രീകൾക്ക് സ്റ്റേഡിയത്തിലേക്ക് ഇറാൻ പ്രവേശനം അനുവദിച്ചിരുന്നു. രാജ്യം സ്ഥാപിതമായത് മുതൽ ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന വേദികളിലും ഇറാൻ വനിതകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ 2018ൽ പുരുഷ വേഷം ധരിച്ച് മത്സരം കാണാനെത്തിയ സഹർ ഖൊദായാരി എന്ന സ്‌ത്രീയെ പൊലീസ് പിടികൂടുകയും ജയിലിലടയ്‌ക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിൽ മനം നൊന്ത സഹർ തീ കൊളുത്തി ആത്‌മഹത്യ ചെയ്‌തു. ഇത് രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾക്കാണ് വഴിവെച്ചത്.
ALSO READ: അത് സച്ചിനും, സെവാഗുമല്ല; ഏറ്റവുമധികം വിറപ്പിച്ച താരത്തിന്‍റെ പേരു പറഞ്ഞ് അക്തർ
ഈ സംഭവത്തിന് ശേഷം സ്‌ത്രീകളെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കണമെന്ന് ഫിഫ ഇറാന് താക്കീത് നൽകിയിരുന്നു. എന്നാൽ ഇറാൻ സർക്കാർ പലപ്പോഴും ഇത് പാലിക്കാതെ അവഗണിക്കുകയായിരുന്നു.