ന്യൂഡല്‍ഹി: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾക്കായി മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (Indian Olympic Association (IOA) formed ad hoc committee to run the operations of the Wrestling Federation of India (WFI). ഭൂപീന്ദര്‍ സിങ് ബജ്‌വ (Bhupinder Singh Bajwa) അധ്യക്ഷനായ കമ്മിറ്റില്‍ എംഎം സൊമായ (M M Somaya), മഞ്ജുഷ കാന്‍വാര്‍ (Manjusha Kanwar) എന്നിവരാണ് അംഗങ്ങള്‍.
ഫെഡറേഷനില്‍ നീതി, സുതാര്യത, വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിനും കായികതാരങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് ഐഒസി പ്രസ്‌താവനയില്‍ അറിയിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ പുതിയ കമ്മിറ്റിക്ക് രൂപം നൽകാന്‍ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍: ലൈംഗികാതിക്രമണ ആരോപണം നേടിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ തലപ്പത്തേക്ക് എത്തിയതില്‍ കടുത്ത പ്രതിഷേധമായിരുന്നു ഗുസ്‌തി താരങ്ങള്‍ ഉയര്‍ത്തിയത്. (Wrestlers Protest). ഇതിന്‍റെ ഭാഗമായി ഒളിമ്പ്യന്‍ സാക്ഷി മാലിക് ഗുസ്‌തിയില്‍ നിന്നും വിരമിച്ചു.
സഞ്ജയ് സിങ്ങിന്‍റെ വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ തന്‍റെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ച സാക്ഷി നിറകണ്ണുകളോടെയാണ് താന്‍ ഗുസ്‌തി മതിയാക്കുന്നതായി അറിയിച്ചത്. ഒളിമ്പിക് ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടുന്ന ആദ്യ വനിത താരമാണ് സാക്ഷി. പിന്നാലെ പത്മശ്രീ പുരസ്‌കാരം ഒളിമ്പ്യന്‍ ബജ്‌റംഗ് പുനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്‌തു.
ഇതിന് പിന്നാലെയായിരുന്നു അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ഫെഡറേഷൻ ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിച്ചെന്നും ഐഒസി ഉയർത്തിപ്പിടിക്കുന്ന സദ്ഭരണ തത്വങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു നടപടി.
അതേസമയം ഡിസംബര്‍ 21 വ്യാഴാഴ്‌ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആസ്ഥാനത്തായിരുന്നു അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ തെരഞ്ഞെടുപ്പ് അരങ്ങേറിയത്. ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച അനിത ഷിയോറനെയാണ് സഞ്ജയ് സിങ് തോല്‍പ്പിച്ചത്. ആകെ 50 വോട്ടര്‍മാരുണ്ടായിരുന്നതില്‍ 48 പേരാണ് വോട്ട് ചെയ്‌തത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ അനിത ഷിയോറന് എട്ട് വോട്ടുകള്‍ മാത്രം കിട്ടയപ്പോള്‍ ബ്രിജ് ഭൂഷണിന്‍റെ ബിസിനസ് പങ്കാളി കൂടിയായ സഞ്ജയ് സിങ്ങിന് 40 വോട്ടുകള്‍ ലഭിച്ചിരുന്നു.
ALSO READ: സഞജയ് സിങ് വിവാദം: ഹരിയാനയിലെത്തി ഗുസ്‌തി താരങ്ങളെ കണ്ട് രാഹുല്‍ ഗാന്ധി