ഹൈദരാബാദ്: 24 വര്‍ഷം നീണ്ട കരിയറില്‍ ടെന്നിസില്‍ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായാണ് റോജര്‍ ഫെഡറര്‍ എന്ന ഇതിഹാസത്തിന്‍റെ പടിയിറക്കം. രണ്ട് ദശാബ്‌ദം നീണ്ട കരിയറിൽ 20 ഗ്രാന്‍റ്‌സ്ലാം കിരീടങ്ങൾ ഉള്‍പ്പടെ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധിയാണ്. പ്രകടനങ്ങളുടെ മികവിനൊപ്പം സൗമ്യമായ പെരുമാറ്റം കൊണ്ടും നിരവധി ആരാധകരെ ഫെഡറര്‍ തന്‍റേതാക്കി മാറ്റിയിട്ടുണ്ട്.
റോജര്‍ ഫെഡററെ പോലുള്ള താരങ്ങള്‍ കായിക ലോകത്ത് വിരളമാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ പ്രകൃതവും കളി മികവും കളിയാസ്വാദകര്‍ക്ക് പരിചിതമായ ഒന്നാണ്. എന്നാല്‍ ടെന്നിസ് കോര്‍ട്ടില്‍ ഒന്നിന് പിറകെ ഒന്നായി നേടിയ വിജയങ്ങള്‍ക്ക് പിന്നില്‍ ആരും അറിയാത്ത നിരവധി രസകരമായ സംഭവവികാസങ്ങളും ഫെഡററിന്‍റെ കരിയറിലുണ്ട്.
ഇരട്ടപൗരത്വവും, പഠനകാലവും: ഇരട്ട പൗരത്വമുള്ള കായിക താരമാണ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ദക്ഷിണാഫ്രിക്ക സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരത്വമാണ് അദ്ദേഹത്തിനുള്ളത്. താരത്തിന്‍റെ അമ്മ ദക്ഷിണാഫ്രിക്കക്കാരിയും അച്ഛൻ സ്വിസ്സുകാരനുമാണ്.
പതിനാലാം വയസുവരെ സസ്യഭുക്കായിരുന്നു ഫെഡറര്‍. 13-ാം വയസിൽ ‘ടെന്നിസ് എറ്റുഡ്‌സി’ൽ പ്രവേശനം നേടിയതിന് പിന്നാലെയാണ് അദ്ദേഹം തന്‍റെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയതും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതും. തുടര്‍ന്ന് പതിനാറാം വയസില്‍ ടെന്നിസ് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അദ്ദേഹം പഠനവും ഉപേക്ഷിച്ചു.
ജൂനിയര്‍ ചാമ്പ്യന്‍ ഫെഡറര്‍: 1998ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് തന്‍റെ വരവ് ഫെഡറര്‍ കായിക ലോകത്തെ അറിയിച്ചത്. 2003ല്‍ 21-ാം വയസില്‍ വിംബിള്‍ഡണില്‍ ചാമ്പ്യനാകുന്നതിന് മുന്‍പ് ഇതായിരുന്നു അദ്ദേഹത്തിന്‍റെ ടെന്നിസ് കോര്‍ട്ടിലെ പ്രധാന കിരീട നേട്ടം.
നാട്ടുകാരുടെ സമ്മാനം: 2003ലെ വിംബിള്‍ഡണ്‍ കിരീട നേട്ടത്തിന്‍റെ ആവേശത്തിലെത്തിയ റോജര്‍ ഫെഡറര്‍ എന്ന ഇരുപത്തിയൊന്നുകാരന് ഒരു കറവ പശുവിനെയാണ് നാട്ടുകാര്‍ സമ്മാനമായി നല്‍കിയത്. നാട്ടുകാര്‍ സമ്മാനമായി നല്‍കിയ പശുവിന് 'ജൂലിയറ്റ്' എന്ന പേരായിരുന്നു അദ്ദേഹം നല്‍കിയത്. അതേ വര്‍ഷം തന്നെ വിദ്യാഭ്യാസത്തിലും കായിക ഇനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാനായി 'റോജര്‍ ഫെഡറര്‍ ഫെഡറേഷന്‍' എന്ന പേരില്‍ ഒരു സംഘടനയും അദ്ദേഹം സ്ഥാപിച്ചു. യുണിസെഫിന്‍റെ (UNICEF) ബ്രാൻഡ് അംബാസഡർ കൂടിയായ അദ്ദേഹം ഇപ്പോൾ ഹെയ്‌തി സർക്കാരുമായി ചേർന്ന് വെള്ളവും ശുചീകരണ സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രവർത്തിച്ച് വരികയാണ്.
നിര്‍ബന്ധിത സൈനിക സേവനം ഉപേക്ഷിച്ചു: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഓരോ പൗരനും സൈനിക സേവനത്തിൽ ചേരേണ്ടത് നിർബന്ധമാണ്. എല്ലാ പുരുഷ സ്വിസ് പൗരന്മാരെയും പോലെ, ഫെഡററും സ്വിസ് സായുധ സേനയിൽ നിർബന്ധിത സൈനിക സേവനത്തിന് വിധേയനായിരുന്നു. എന്നാല്‍ താന്‍ ഇതിന് അനുയോജ്യനല്ല എന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രമുഖരുടെ പട്ടികയില്‍ സ്ഥാനം താഴെ: ലോകമെമ്പാടും പ്രശസ്‌തനായ റോജര്‍ ഫെഡറര്‍ 2012-ൽ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പ്രമുഖരായ ഏഴാമത്തെ പൗരനായി മാത്രമേ തിരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളു എന്നതും വിചിത്രമായ ഒരു സംഭവമാണ്. ഗൂഗിളില്‍ നടത്തിയ ഒരു പോളിലായിരുന്നു സ്വിറ്റ്സർലൻഡിലെ ഫ്രഞ്ച് സംസാരിക്കുന്ന ഗായകനായ ബാസ്റ്റ്യൻ ബേക്കറിനേക്കാൾ താഴെയായി ടെന്നിസ് ഇതിഹാസം സ്ഥാനം പിടിച്ചത്.
സ്വിസ്സ് സ്‌റ്റാമ്പില്‍ ഇടം നേടിയ ജീവിച്ചിരിക്കുന്ന വ്യക്തി: പുരുഷ കളിക്കാർ പരിശീലനത്തിനായി ചെലവഴിക്കുന്ന സമയത്തിന്‍റെ അളവ് ഒരിക്കലും സ്‌ത്രീകളുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് വിശ്വസിച്ച റോജർ ഫെഡറർ വനിത താരങ്ങൾക്ക് തുല്യ വേതനം നൽകുന്നതിനെ എതിർത്തിരുന്നു. 2017ല്‍ സ്വിസ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ജീവിച്ചിരിക്കുന്ന ആദ്യ വ്യക്തിയായും അദ്ദേഹം മാറി. കൂടാതെ ബീലിൽ അല്ലീ റോജർ ഫെഡറർ എന്ന് അദ്ദേഹത്തിന്‍റെ പേരില്‍ ഒരു തെരുവും സ്ഥിതി ചെയ്യുന്നുണ്ട്.
Also Read: ഒരു യുഗാന്ത്യം; വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ