ജക്കാർത്ത : ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ചാമ്പ്യൻഷിപ്പിൽ ഏഴാം സീഡായ ലക്ഷ്യ മലേഷ്യയുടെ 28-ാം റാങ്കുകാരനായ എൻജി സെ യോങ്ങിനെയാണ് കീഴടക്കിയത്. ആദ്യ സെറ്റിൽ പിന്നിലായ ഇന്ത്യൻ താരം അവസാന രണ്ട് സെറ്റുകളിലെ അത്യുജ്ജ്വല പ്രകടനത്തോടെയാണ് ജയിച്ചുകയറിയത്. സ്‌കോർ: 19-21, 21-8, 21-17
കടുത്ത പോരാട്ടം നടന്ന ആദ്യ സെറ്റിൽ മലേഷ്യൻ താരത്തിനായിരുന്നു വിജയം. രണ്ടാം ഗെയിമിൽ പൂർവാധികം ശക്‌തിയോടെ തിരിച്ചടിച്ച സെൻ 21-8 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം ഗെയിമിൽ മലേഷ്യൻ താരത്തിന് കൂടുതൽ അവസരം നൽകാതെ നാല് പോയിന്‍റ് വ്യത്യാസത്തിൽ ഗെയിമും മത്സരവും സ്വന്തം പേരിലാക്കി. ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് ക്വാർട്ടറിൽ ലക്ഷ്യ സെന്നിന്‍റെ എതിരാളി.
അതേസമയം വനിത സിംഗിൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ പുറത്തായി. ചൈനയുടെ യുവെ ഹാനിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സൈനയുടെ പരാജയം. സ്‌കോർ: 15-21, 7-21. തുടക്കം മുതൽ ചൈനീസ് താരത്തിന്‍റെ വേഗത്തിലുള്ള മുന്നേറ്റങ്ങൾക്ക് മുന്നിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സൈനയെയാണ് കാണാൻ കഴിഞ്ഞത്.