മനാമ : ബഹ്‌റൈനില്‍ നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ കളിക്കാനിരിക്കുന്ന ഏഴ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ടീമിനൊപ്പം യാത്ര ചെയ്യാനായില്ല. വിസ പ്രശ്‌നങ്ങളാണ് തിരിച്ചടിയായത്.
ഗോൾകീപ്പർ അമരീന്ദർ സിങ്, ഡിഫൻഡർ ചിംഗ്ലെൻസന സിങ്, ആകാശ് മിശ്ര, മിഡ്ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിങ് എന്നിവര്‍ക്കാണ് വിസ പ്രശ്‌നങ്ങളുള്ളത്. ഇഗോർ സ്റ്റിമാക് പരിശീലകനായ 25 അംഗ സ്ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്.
ഇതോടെ 18 കളിക്കാരും കോച്ച് ഇഗോർ സ്റ്റിമാക്കും സപ്പോർട്ടിങ് സ്റ്റാഫും തിങ്കളാഴ്ച മനാമയിലെത്തി. വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം താരങ്ങളെ മനാമയിലെത്തിക്കാന്‍ ശ്രമം നടത്തുകയാണെന്ന് സ്റ്റിമാക് വെർച്വൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് മാസം മുമ്പ് അപേക്ഷിച്ച വിസയുടെ അംഗീകാരത്തിനായാണ് ഇപ്പോഴും കാത്തിരിക്കുന്നത്. ഏഴ് താരങ്ങൾ മത്സരത്തിന് ലഭ്യമല്ലെങ്കിൽ ബഹ്‌റൈൻ പോലുള്ള ശക്തമായ ഒരു ടീമിനെതിരെ എങ്ങനെയാണ് കളിക്കുകയെന്നും സ്റ്റിമാക് പറഞ്ഞു.
also read: ഡു പ്ലെസിസ് ബഹുമാനം നൽകുന്ന ക്യാപ്റ്റന്‍ : വിരാട് കോലി
അതേസയമം ബുധനാഴ്‌ച ബഹ്‌റൈനും, ശനിയാഴ്‌ച ബെലാറുസിനെതിരെയുമാണ് ഇന്ത്യ കളിക്കുക. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്‌റൈനും ബെലാറുസും. ഇന്ത്യ 104-ാം സ്ഥാനത്തുള്ളപ്പോൾ ബഹ്‌റൈൻ 91-ാം സ്ഥാനത്തും ബെലാറുസ് 94-ാം സ്ഥാനത്തുമാണ്.