ഡൽഹി : തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് പ്രാതിനിധ്യം നഷ്‌ടമാകാൻ സാധ്യത. കേന്ദ്ര കായിക മന്ത്രാലയം നിഷ്‌കർഷിക്കുന്ന യോഗ്യതാമാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ പങ്കാളിത്തം സംശയത്തിലാക്കിയിരിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഏഷ്യാഡിന് ടീമിനെ അയക്കേണ്ടതില്ലെന്ന കായിക മന്ത്രാലയത്തിന്‍റെ തീരുമാനം പുനപരിശോധിക്കുന്നതിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (All India Football Federation) അപ്പീല്‍ നല്‍കും.
ചൈനയിലെ ഹാങ്‌ഷൗ വേദിയാവുന്ന ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനുള്ള യോഗ്യത ഫുട്ബോള്‍ ടീമിനില്ലെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ നിലപാട്. ഏഷ്യയിലെ മികച്ച എട്ട് ടീമുകളിൽ ഉൾപ്പെട്ടാൽ മാത്രമേ വിവിധ ഇനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (IOA) ദേശീയ കായിക ഫെഡറേഷനും (AIFF) അയച്ച കത്തില്‍ പറയുന്നു.
എന്നാല്‍ ഫുട്ബോൾ ടീമിന്‍റെ പ്രാതിനിധ്യം സംബന്ധിച്ച് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയത്തിന് അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എന്ന് സെക്രട്ടറി ഷാജി പ്രഭാകരന്‍ പറഞ്ഞു. 'ഏഷ്യാഡിൽ ഫുട്ബോള്‍ ടീം പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം സർക്കാരിന്‍റേത് മാത്രമാണ്. അത് എഐഎഫ്എഫ് അനുസരിച്ചേ മതിയാകൂ, എങ്കിലും തീരുമാനം പുനപരിശോധിക്കുന്നതിനായി അപ്പീല്‍ നല്‍കും. കഴിഞ്ഞ ഒരു വർഷക്കാലമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പ്രകടനം പ്രശംസനീയമാണ്. ഗെയിംസിൽ പങ്കെടുക്കാനായാല്‍ ഫുട്ബോളിനും അണ്ടർ 23 ടീമിനും അത് കൂടുതൽ ഉണർവേകും' - ഷാജി പ്രഭാകരന്‍ വ്യക്തമാക്കി.
വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച നിബന്ധനകളിൽ മാറ്റം വരുത്താമെന്നും കായിക മാന്ത്രാലയം അയച്ച കത്തില്‍ പറയുന്നുണ്ട്. ഇതിലാണ് ഇനി എഐഎഫ്എഫ്ന്‍റെ പ്രതീക്ഷ. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന ടീമുകളിൽ നിലവില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. ഇതേ കാരണം ചൂണ്ടിക്കാട്ടി 2018ൽ ഇന്തോനേഷ്യ വേദിയായ ഏഷ്യന്‍ ഗെയിംസിലും കായിക മന്ത്രാലയം ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല.
തായ്‌ലന്‍ഡിൽ നടക്കുന്ന കിങ്സ് കപ്പിന് ശേഷം സീനിയർ ടീമിന്‍റെ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് കീഴിൽ അണ്ടർ 23 ടീമിനെ അയക്കാന്‍ ഇന്ത്യൻ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തിരുന്നു. ടൂർണമെന്‍റിനായി 40 താരങ്ങളെ ഉൾപ്പെടുത്തി പ്രാഥമിക പട്ടികയും തയ്യാറാക്കിയിരുന്നു. 2002 മുതലാണ് ഏഷ്യൻ ഗെയിംസില്‍ അണ്ടർ 23 ഫുട്ബോള്‍ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രായമുള്ള മൂന്ന് കളിക്കാരെ ടീമില്‍ ഉൾപ്പെടുത്താൻ സാധിക്കും. സെപ്‌റ്റംബർ 23 മുതൽ ഒക്‌ടോബർ എട്ട് വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. എന്നാൽ ഫുട്ബോൾ മത്സരം സെപ്റ്റംബർ 19 ന് ആരംഭിക്കും. ഇന്നലെയായിരുന്നു രാജ്യങ്ങൾക്ക് അന്തിമ എൻട്രികൾ അയക്കാനുള്ള അവസാന ദിനം.