കണ്ണൂര്‍: കാല്‍പന്ത് കളിയുടെ രാജാവ് ഡീഗോ മറഡോണയുടെ ഓര്‍മ പുതുക്കി കണ്ണൂരില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണകായ ശില്‍പം വരുന്നു. കേരളത്തിലെത്തിയപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം താമസിച്ച കണ്ണൂരിലെ ബ്ലൂ നൈല്‍ ഹോട്ടലിന് മുന്നില്‍ സ്ഥാപിക്കാനായാണ് ശില്‍പം തയ്യാറാക്കിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തും നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച് ശ്രദ്ധേയനായ ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് മുന്‍ അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ താരത്തിന്‍റെ പൂർണകായ പ്രതിമ നിര്‍മിച്ചത്.
ഫഉട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ ആവേശമുണര്‍ത്തുന്ന ശില്‍പത്തിന് മറഡോണയുടെ അഞ്ചടി അഞ്ചിഞ്ച് ഉയരമാണുള്ളത്. ലോകകപ്പ് മത്സരത്തിന് കളിക്കുന്ന രീതിയില്‍ അര്‍ജന്‍റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് പന്തുമായി മുന്നോട്ട് നീങ്ങുന്ന രീതിയിലാണ് ശില്‍പത്തിന്‍റെ നിര്‍മാണം. ഫൈബര്‍ ഗ്ലാസില്‍ തയ്യാറാക്കിയ ശില്‍പത്തിന് മറഡോണയുടെ അതെ നിറവും നല്‍കിയിരിക്കുന്നു.
ഫുട്ബോളും യഥാർഥ അളവിലാണ് നിര്‍മിച്ചിരിക്കുന്നത്. മറഡോണയുടെ പഴയകാല ചിത്രങ്ങളും, ദൃശ്യങ്ങളും വീക്ഷിച്ചായിരുന്നു പ്രതിമയുടെ നിര്‍മാണം. മറഡോണയുടെ കടുത്ത ആരാധകനായ ഹോട്ടൽ ബ്ലൂ നൈല്‍ ചെയർമാൻ വി രവീന്ദ്രൻ അദ്ദേഹം കണ്ണൂരിൽ വന്നതിന്‍റെ ഓർമക്കായിട്ടാണ് ശിൽപം സ്ഥാപിക്കുന്നത്.
മറഡോണയുടെ അറുപതാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ പങ്കുവച്ച് ഹോട്ടൽ ബ്ലൂ നൈല്‍ ഗ്രൂപ്പിൻറെ എംഡി വി രവീന്ദ്രൻ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. അദ്ദേഹം താമസിച്ചിരുന്ന റൂം ഏറെ പ്രശസ്തമാണ് അത് ഇന്നും അതുപോലെ ഹോട്ടലില്‍ സംരക്ഷിക്കുന്നുണ്ട്.
ശില്‍പനിര്‍മാണത്തിന്‍റെ വേളയില്‍ ചിത്രന് സഹായികളായി ചിത്ര.കെ, കിഷോർ.കെ വി, ശശികുമാർ, സുനീഷ്, അർജ്ജുൻ തുടങ്ങിയവരുമുണ്ടിയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ ശില്‍പം നിര്‍മിച്ച ചിത്രന്‍ കുഞ്ഞിമംഗലം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ചിത്രകല അധ്യാപകന്‍ കൂടിയാണ്.