ഡൽഹി: താൻ പ്രതിനിധീകരിക്കുന്നത് ഇന്ത്യക്ക് വേണ്ടിയാണെന്നും ഒരു പ്രത്യേക സമുദായത്തെയെല്ലായെന്നും ലോക ബോക്‌സിങ് ചാമ്പ്യൻ നിഖാത് സരീൻ. ഒരു കായികതാരമെന്ന നിലയിൽ താൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്ലീം എന്നത് പ്രശ്‌നമുള്ള കാര്യമല്ല. രാജ്യത്തിനായി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്നും തെലങ്കാനയിൽ നടന്ന ചടങ്ങിലായിരുന്നു സരീൻ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മാസം തുർക്കിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ഫ്‌ളൈവെയ്റ്റ് ഇനത്തിൽ കിരീടം ചൂടിയിരുന്നു 25കാരിയായ സരീൻ. തായ്‌ലൻഡിന്‍റെ ജിത്‌പോങ് ജുതാമാസിനെ തോൽപിച്ച സരീൻ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയെന്ന നേട്ടത്തിലെത്തിയിരുന്നു.
യാഥാസ്ഥിതിക സമൂഹത്തിൽ നിന്നും ബോക്‌സിങ്ങ് കരിയറിലെത്തിയ താരമാണ് സരീൻ. അതുകൊണ്ട് തന്നെ അവൾക്ക് കരിയറിൽ ഉയരങ്ങളിലെത്താൻ ഒരുപാട് സാമൂഹിക മുൻവിധികളെ മറികടക്കേണ്ടി വന്നതിനെക്കുറിച്ചും താരം തുറന്ന് പറഞ്ഞു. ഉയർന്ന തലത്തിലുള്ള മാനസിക സമ്മർദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ താരങ്ങൾ പിന്നിലാണെന്നും, ലോകചാമ്പ്യൻഷിപ്പ് പോലെയുള്ള വലിയ വേദികളിൽ ഈ വെല്ലുവിളി അതിജീവിക്കാൻ പ്രത്യേക പരിശീലനം സഹായിച്ചെന്നും സരീൻ വ്യക്തമാക്കി.
ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം നടത്താൻ കഴിവുള്ളവരാണ്. എന്നാൽ ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പ് പോലെയുള്ള വലിയ വേദികളിൽ സമ്മർദം താങ്ങാനാകാതെ പതറിപ്പോകുന്നു. ഇന്ത്യൻ ബോക്‌സർമാർ വളരെ കഴിവുള്ളവരാണെന്നും അന്താരാഷ്‌ട്ര തലത്തിൽ എത്തിയാൽ മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ ബോക്‌സർമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും സരീൻ വ്യക്തമാക്കി.