കൊല്‍ക്കത്ത : ഐ ലീഗ് ഫുട്‌ബോളില്‍ ട്രാവു എഫ്‌സിക്കെതിരെ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം ജയം പിടിച്ചത്.
ഗോകുലത്തിനായി സ്ലൊവാനിയന്‍ താരം ലൂക്കാ മാജ്‌സെന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മലയാളി താരം എംഎസ് ജിതിനും ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടീഞ്ഞോയാണ് ട്രാവുവിന്‍റെ പട്ടികയിലെ രണ്ട് ഗോളുകളും നേടിയത്.
മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ജിതിനിലൂടെ മുന്നിലെത്താന്‍ ഗോകുലത്തിനായിരുന്നു. എന്നാല്‍ ഏഴാം മിനിട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോ ട്രാവുവിനെ ഒപ്പമെത്തിച്ചു. 19ാം മിനിട്ടില്‍ തന്‍റെ ആദ്യ ഗോള്‍ നേടിയ മാജ്‌സെന്‍ കേരള ടീമിനെ വീണ്ടും മുന്നിലെത്തിച്ചു.
ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം, 56ാം മിനിട്ടില്‍ മാജ്‌സെന്നിലൂടെ ലീഡ് രണ്ടാക്കി. തൊട്ടടുത്ത മിനിട്ടില്‍ തന്നെ ഫെര്‍ണാണ്ടീഞ്ഞോ ഒരു ഗോള്‍ മടക്കിയതോടെ മത്സരം ആവേശത്തിലായി. തുടര്‍ന്ന് സമനിലയ്‌ക്കായി ട്രാവു കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
also read: ഷിബി, ജംഷീര്‍... ഇത് നിങ്ങള്‍ക്കുള്ളതാണ് ; കിരീട നേട്ടത്തിലും ഉള്ളുനൊന്ത് അബ്ദുല്‍ റബീഹ്
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിന്റാണ് ഗോകുലത്തിനുള്ളത്. അതേസമയം ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്‍റാണ് ട്രാവുവിനുള്ളത്. രണ്ട് വിജയവും ഒരു സമനിലയും നേടിയ സംഘം മൂന്ന് തോല്‍വി വഴങ്ങി.