പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എവേ മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
13 മത്സരങ്ങളില്‍ 25 പോയിന്‍റുമായി നിലവിലെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റുമായി ഗോവ ആറാമതാണ്. ഇതോടെ ടൂര്‍ണമെന്‍റില്‍ മുന്നേറ്റം ഉറപ്പിക്കാന്‍ ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യമാണ്.
അപരാജിത കുതിപ്പ് നടത്തുകയായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട മുംബൈയോട് കീഴങ്ങിയത്. പിഴവുകള്‍ തിരുത്തി ഇതിന്‍റെ ക്ഷീണം തീര്‍ക്കാനാവും ഇവാൻ വുകോമനോവിച്ചിന്‍റെ സംഘത്തിന്‍റെ ശ്രമം.
അഡ്രിയൻ ലൂണ, ദിമിത്രോസ് ഡയമന്‍റക്കോസ്, ഇവാൻ കലിയൂഷ്‌ണി എന്നിവരുടെ പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമാവും. സീസണില്‍ ഇതേവരെയുള്ള ആറ് എവേ മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടുള്ളൂ. സീസണില്‍ നേരത്തെ മുഖാമുഖമെത്തിയപ്പോള്‍ ഗോവയെ കീഴടക്കാന്‍ കൊമ്പന്മാര്‍ക്ക് കഴിഞ്ഞിരുന്നു.
ALSO READ: മെസിയുടെ പിന്‍ഗാമിയെ കണ്ടെത്തി ബാഴ്‌സലോണ; അര്‍ജന്‍റീനന്‍ വണ്ടര്‍കിഡിനെ റാഞ്ചി
ഈ തോല്‍വിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ കണക്ക് തീര്‍ക്കാനാവും ഗോവ ലക്ഷ്യം വയ്‌ക്കുക. എന്നാല്‍ അവസാന നാല് കളികളിലും ഗോവയ്‌ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് മേല്‍ ഗോവയ്‌ക്ക് ആധിപത്യമുണ്ട്.
പരസ്‌പരം 17 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് എണ്ണത്തില്‍ ഗോവ ജയിച്ചപ്പോള്‍ നാല് കളികളാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നത്.
കാണാനുള്ള വഴി : സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ബ്ലാസ്റ്റേഴ്‌സ് സാധ്യത സ്റ്റാര്‍ട്ടിങ് ഇലവന്‍ : പ്രഭ്‌സുഖൻ ഗിൽ, ഹർമൻജോത് ഖബ്ര, റൂയിവ ഹോർമിപാം, വിക്‌ടര്‍ മോംഗിൽ, ജെസൽ കാർനെയ്‌റോ, ജീക്‌സൺ സിങ്, അഡ്രിയാൻ ലൂണ, സഹൽ സമദ്, ഇവാൻ കലിയൂഷ്‌ണി, രാഹുൽ കെപി, ദിമിത്രോസ് ഡയമന്‍റക്കോസ്.