ന്യൂഡൽഹി: ഇന്ത്യൻ വനിത ഹോക്കി താരം വന്ദന കടാരിയ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. ഹോക്കിയിൽ നിന്ന് ഇക്കൊല്ലം പത്മശ്രീ പുരസ്‌കാരം നേടിയ ഏക താരവും വന്ദനയാണ്.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ് ഹോക്കിയിൽ ഹാട്രിക് ഗോളുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് വന്ദന ടോക്കിയോ ഒളിമ്പിക്‌സിലൂടെ സ്വന്തമാക്കിയിരുന്നു. കൂടാതെ 2016ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2017ലെ ഏഷ്യാ കപ്പ്, 2014, 2018 ഏഷ്യൻ ഗെയിംസ് എന്നിവയിലും ഇന്ത്യയുടെ വിജയത്തിൽ വന്ദന പ്രധാന പങ്ക് വഹിച്ചിരുന്നു.
ഇന്ത്യയുടെ പാരാലിമ്പിക്‌സ് ഷൂട്ടർ അവാനി ലേഖാരയും പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേട്ടത്തോടെ പാരാലിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് അവാനി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ താരം, 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു.
ALSO READ: എടിപി റാങ്കിങ് : ജോക്കോ വീണ്ടും ഒന്നാമന്‍, നദാല്‍ ആദ്യ മൂന്നില്‍
പാരാലിമ്പിക്‌സ് ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. പാരാലിമ്പിക്‌സില്‍ രണ്ട് തവണ സ്വർണ മെഡലും, ഒരു തവണ വെള്ളിമെഡലും സ്വന്തമാക്കിയിട്ടുള്ള താരമാണ് ദേവേന്ദ്ര.
ഏഥൻസ് (2004) റിയോ (2016) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം എറിഞ്ഞിട്ട താരം ടോക്കിയോയിലാണ് വെള്ളിയും സ്വന്തമാക്കിയിരുന്നു. 2012ൽ പത്മശ്രീ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അംഗീകാരം നേടിയ ആദ്യ പാരാലിമ്പ്യന്‍ കൂടിയാണ് ദേവേന്ദ്ര ജജാരിയ.