ഗോള്‍, ഈ ദ്വയാക്ഷരത്തില്‍ ചുറ്റിപ്പിണഞ്ഞാണ് ഫുട്ബോള്‍. കാല്‍ക്കുതിപ്പിലെ ചുവടടവുകള്‍ ആ ലക്ഷ്യത്തിലേക്കാണ്. നിമിഷവേഗത്തില്‍ ഒടിവിദ്യയിലൂടെ എതിരാളിയെ വകഞ്ഞുള്ള ഒഴുകിമറിയലുകള്‍ക്കൊടുവില്‍ വലയിലൊരു ചൂടന്‍ ചുംബനം. പിന്നെ കളത്തിലും ഗ്യാലറിയിലും ആവേശാരവം. അതിനിര്‍ണായക മത്സരങ്ങളില്‍ ഭൂഗോളം അന്നേരമൊരു ആവേശക്കാല്‍പന്താവും.
പന്തിന്‍റെ ത്രസിപ്പിക്കുന്ന വലയേറ്റങ്ങളും, ഞെട്ടിപ്പിക്കുന്ന സേവുകളും, ഹൃദയം പൊട്ടുന്ന നഷ്ടപ്പെടുത്തലുകളും സംഭവിക്കുന്ന കളികള്‍ വേറിട്ട് അടയാളപ്പെടുത്തപ്പെടും. ആ വഴിത്തിരിവുകള്‍ക്ക് കാരണഭൂതരായ താരങ്ങള്‍ ഫുട്ബോള്‍ ഉള്ളിടത്തോളം ഓര്‍മിക്കപ്പെടും. കാല്‍പന്തുകളിയിലെ അങ്ങനെയൊരു അവിസ്മരണീയ നിമിഷമാണ് 'ഇരുപതാം നൂറ്റാണ്ടിന്‍റെ സേവ്'
1970 ല്‍ മെക്സിക്കോ ആതിഥേയരായ ഫുട്ബോള്‍ ലോകകപ്പിലാണ് ഇതിഹാസ താരം പെലെയെ പോലും ഉലച്ചുകളഞ്ഞ ആ 'രക്ഷപ്പെടുത്തല്‍' ഉണ്ടായത്. ജൂണ്‍ 7 ന് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെതിരെ. വേദി ഗ്വാദലരജയിലെ ജാലിസ്‌കോ സ്റ്റേഡിയം. അലകടല്‍ പോലെ ഇളകിമറിയുന്ന ഗ്യാലറിയില്‍ 66,843 പേര്‍.
മത്സരം തുടങ്ങി പത്താംമിനിട്ടിലാണ് അത് സംഭവിച്ചത്. കാലില്‍ കോര്‍ത്ത പന്തുമായി, തന്നെ മാര്‍ക്ക് ചെയ്തിരുന്ന ടെറി കൂപ്പറിനെ ചടുല ചുവടുകളോടെ മറികടന്ന് ജെര്‍സീഞ്ഞോ. പക്ഷേ വരയ്ക്ക് പുറത്തേക്ക് പോകുമായിരുന്ന പന്തിനെ അത്രമേല്‍ വിദഗ്‌ധമായി താരം പെലെയിലേക്ക് ക്രോസ് ചെയ്യുന്നു. അത്തരമൊരു നീക്കം കരുതിയിരുന്ന പെലെ സര്‍വകരുത്തും തലയിലേക്ക് വലിച്ചുകെട്ടി വായുവിലുയര്‍ന്ന് വര്‍ധിത പ്രഹരശേഷിയോടെ അണുവിട പാളാതെ അളന്നുകുറിച്ച് ഗോള്‍ പോസ്റ്റിലേക്ക് ഹെഡര്‍ തൊടുത്തു.
കൂരമ്പുകണക്കെ പന്തുപാഞ്ഞപ്പോള്‍ ഗോളുറപ്പെന്ന വിചാരത്തില്‍ കൈകളുയര്‍ത്തി പെലെ ആഹ്ളാദാവേശം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തതാണ്. പക്ഷേ പൊടുന്നനെ ഗോള്‍മുഖത്തൊരു കൊള്ളിയാന്‍, ഞെട്ടിക്കുന്നൊരു 'മീന്‍ പിടച്ചില്‍', ഇംഗ്ലണ്ടിന്‍റെ ഗോളി ഗോര്‍ഡന്‍ ബാങ്ക്സ് പന്ത് തട്ടിയകറ്റി. ബോള്‍ ക്രോസ് ബാറിന് മുകളിലൂടെ രക്ഷാമേഖലയിലേക്ക്.
-
50 years ago today the late, great @England goalkeeper Gordon Banks made one of the greatest saves of all time.
— FIFA World Cup (@FIFAWorldCup) June 7, 2020 " class="align-text-top noRightClick twitterSection" data="
"I thought that was a goal." - @Pele
"You and me both." - Banks#WorldCup | #Mexico1970 pic.twitter.com/lPjCI8vVwg
">50 years ago today the late, great @England goalkeeper Gordon Banks made one of the greatest saves of all time.
— FIFA World Cup (@FIFAWorldCup) June 7, 2020
"I thought that was a goal." - @Pele
"You and me both." - Banks#WorldCup | #Mexico1970 pic.twitter.com/lPjCI8vVwg50 years ago today the late, great @England goalkeeper Gordon Banks made one of the greatest saves of all time.
— FIFA World Cup (@FIFAWorldCup) June 7, 2020
"I thought that was a goal." - @Pele
"You and me both." - Banks#WorldCup | #Mexico1970 pic.twitter.com/lPjCI8vVwg
ഗോളെന്ന് കൈകളുയര്‍ത്തി ആഞ്ഞുവിളിച്ച പെലെയ്ക്ക് പിഴച്ചു. താരത്തിന്‍റെ മുഖത്ത് നിരാശ. ബാങ്ക്സിന് ഇത് പുത്തരിയല്ലാത്തതിനാല്‍, ഇതിലെന്തത്ഭുതമെന്ന മട്ടില്‍ ഗോളിയുടെ പുറത്തുതട്ടി സഹതാരങ്ങള്‍. ആ നിമിഷം പക്ഷേ ഫുട്ബോളിന്‍റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടു, 'ഇരുപതാം നൂറ്റാണ്ടിന്‍റെ സേവ്'. കുതിച്ചെത്തിയ പന്തിന് നേര്‍ക്ക് ചടുലവേഗത്തില്‍ അതിവിദഗ്ധമായി ഡൈവ് ചെയ്ത് പന്ത് തട്ടിയകറ്റുകയായിരുന്നു ബാങ്ക്സ്, ശേഷമൊരു പുഞ്ചിരിയും.
പക്ഷേ വിജയം ബ്രസീലിനൊപ്പമായിരുന്നു. ജെര്‍സീഞ്ഞോ രണ്ടാം പകുതിയില്‍ വലകുലുക്കി ആ കണക്കുതീര്‍ത്തു. ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിന് വിജയം. പക്ഷേ ആ മത്സരം കൊളുത്തപ്പെട്ടത് 'ഇരുപതാം നൂറ്റാണ്ടിന്‍റെ സേവ്' എന്ന ഹുക്കിലാണ്.
അത് ഗോളാകുമെന്ന് എത്രമാത്രം പ്രതീക്ഷിച്ചിരുന്നുവെന്നും അങ്ങനെയാവാതിരുന്നപ്പോഴുള്ള നിരാശ ഏതളവിലായിരുന്നെന്നും പെലെ പറഞ്ഞിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ബാങ്ക്സിന്‍റെ സേവ് എന്ന് പെലെ പലകുറി വ്യക്തമാക്കി. പക്ഷേ ഇരുവരും തമ്മിലുള്ള ദൃഢമായ സൗഹൃദ ബന്ധത്തിന് നിദാനമായത് ആ സംഭവമാണ്. കാണുമ്പോഴൊക്കെയും പെലെയും ബാങ്ക്സും കെട്ടിപ്പുണര്‍ന്ന് ഓര്‍മകള്‍ പങ്കിട്ടു. ഇന്നും ബാങ്ക്സിനെക്കുറിച്ച് പെലെയ്ക്ക് നൂറ് നാവാണ്.
2020 ജൂണ്‍ 7 ന് 'നൂറ്റാണ്ടിന്‍റെ സേവി'ന്‍റെ സുവര്‍ണ ജൂബിലിയായിരുന്നു. പക്ഷേ അത് ആഘോഷിക്കാന്‍ ഗോര്‍ഡന്‍ ബാങ്ക്സ് ഉണ്ടായിരുന്നില്ല. 2019 ല്‍ തന്‍റെ 82ാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായി ഇംഗ്ലണ്ടിന്‍റെ ഗോര്‍ഡന്‍ ബാങ്ക്സ് ഇന്നും വാഴ്‌ത്തപ്പെടുന്നു. രണ്ടുപതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ 679 മത്സരങ്ങളില്‍ അദ്ദേഹം അരങ്ങേറിയിട്ടുണ്ട്. ആറുതവണ ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അംഗീകാരവും അദ്ദേഹം തന്‍റെ പേരിലാക്കി.