ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന് ഉറപ്പിച്ചാണ് 2004-ല്‍ ഏതെന്‍സിലേക്ക് യാത്ര തിരിച്ചതെന്ന് ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവും ജയ്‌പൂരില്‍ നിന്നുള്ള എംപി കൂടിയായ രാജ്യവർദ്ധന്‍ സിങ് റാത്തോഡ്. 2004-ലെ ഏതെന്‍സ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ ഓർമകൾ പങ്കുവക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിഗത വെള്ളി മെഡലെന്ന പ്രത്യേകതയും ആ നേട്ടത്തിനുണ്ടായിരുന്നു.
ആ കാലത്ത് ഒരു ഇന്ത്യന്‍ കായിക താരം ഒളിമ്പിക് മെഡല്‍ നേടുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് റാത്തോഡ് പറയുന്നു. അതിനാല്‍ തന്നെ മെഡല്‍ നേടാന്‍ മാനസികമായി കൂടി തയാറെടുക്കേണ്ടി വന്നു. വെറുതെ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നില്ല തന്‍റെ ലക്ഷ്യം. ഏതെന്‍സ് ഒളിമ്പിക്‌സിനായി ദീർഘകാലം ദിവസേന കഠിനമായി പരിശീലിച്ചു. തന്‍റെ ആദ്യ ഒളിമ്പിക്‌സാണെന്ന ചിന്ത മനസിനെ കീഴടക്കാതിരിക്കാന്‍ മനപൂർവം ശ്രമിച്ചു. ഒളിമ്പിക് അന്തരീക്ഷത്തെ കുറിച്ച് വീട്ടിലിരുന്ന് ചിന്തിക്കാന്‍ തുടങ്ങി. മത്സര വേദി ഭാവനയില്‍ കണ്ടുവെന്നും റാത്തോഡ് പറഞ്ഞു.
ഫൈനലില്‍ നിർണായക സമയത്ത് ഭയം ഉടലെടുക്കുന്നതിന് പകരം പോരാടാനാണ് മനസ് പറഞ്ഞത്. ആ പോരാട്ട വീര്യത്തെ നിയന്ത്രിക്കാനും സാധിച്ചു. ഇത് രണ്ടും വെള്ളിമെഡല്‍ സ്വന്തമാക്കാന്‍ തന്നെ സഹായിച്ചുവെന്നും റാത്തോഡ് പറഞ്ഞു.
ഏതായാലും അതൊന്നും വെറുതെയായില്ല. യുഎഇയുടെ അഹമ്മദ് അല്‍ മക്തൂമും ചൈനയുടെ വാങ്ങ് സെങുമായിട്ടായിരുന്നു റാപ്പിഡ് ഫയറിന്‍റെ ഫൈനല്‍ റൗണ്ടില്‍ റാത്തോഡിന് മത്സരിക്കേണ്ടി വന്നത്. 179 പോയിന്‍റ് സ്വന്തമാക്കി ചൈനീസ് താരത്തെ മറികടന്ന് റാത്തോഡ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതേസമയം 189 പോയിന്‍റോടെ റെക്കോഡുമായി അല്‍ മക്തൂം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ത്യന്‍ ആർമിയില്‍ കേണല്‍ കൂടിയായ റാത്തോഡിനെ രാജ്യം പദ്മശ്രീ നല്‍കിയും അതിവിശിഷ്‌ട സേവാ മെഡല്‍ നല്‍കിയും ആദരിച്ചു. മുന്‍ കേന്ദ്ര കായിക മന്ത്രി കൂടിയാണ് അദ്ദേഹം.