ന്യൂയോര്‍ക്ക്: ഖത്തര്‍ ലോകകപ്പ് സംപ്രേക്ഷണത്തിനിടെ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുമെന്ന് ഫോക്‌സ്. മൈതാനത്തിനകത്തെ കാഴ്‌ചകള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫോക്‌സ് ലോകകപ്പ് കവറേജ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡേവിഡ് നീൽ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളോട് ഖത്തര്‍ ഭരണകൂടത്തിന്‍റെ വിവാദപരമായ പെരുമാറ്റം കൂടുതല്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഫോക്‌സ് അധികൃതരുടെ പ്രതികരണം.
''കളിക്കളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്നറിയാനാണ് കാഴ്‌ചക്കാര്‍ ഞങ്ങളുടെ അടുത്തേക്ക് എത്തുന്നത്. അതുകൊണ്ട് അത് പൂര്‍ണമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'', ഡേവിഡ് നീൽ പറഞ്ഞു. 2018ല്‍ റഷ്യയിലും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും നീല്‍ വ്യക്തമാക്കി. 2015ലാണ് ഫിഫയുടെ ഇംഗ്ലീഷ് സംപ്രേക്ഷണാവകാശം ഇഎസ്‌പിഎന്നില്‍ നിന്നും ഫോക്‌സ് സ്വന്തമാക്കിയത്.
അതേസമയം ലോകകപ്പ് വേദികൾ നിർമിച്ച തൊഴിലാളികളോടുള്ള ഖത്തർ ഭരണകൂടത്തിന്‍റെ പെരുമാറ്റത്തിൽ പല ഭാഗത്ത് നിന്നും വിമർശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തറിലെ ലോകകപ്പ് മത്സരങ്ങള്‍ പൊതു ഫാൻ സോണുകളിലെ കൂറ്റൻ സ്‌ക്രീനുകളിൽ സംപ്രേക്ഷണം ചെയ്യില്ലെന്ന നിലപാടാണ് പാരിസ് സിറ്റി ഗവൺമെന്‍റ് സ്വീകരിച്ചിരിക്കുന്നത്. നവംബര്‍ 20ന് ആണ് 2022ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്.
സ്റ്റേഡിയം നിര്‍മാണം ആരംഭിച്ച 2010 മുതല്‍ 6,500 കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടുവെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എംബസികളില്‍ നിന്നും ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, മരിച്ചവരില്‍ കൂടുതലും ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെ തൊഴിലാളികള്‍ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഫിഫയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.
48 പേജുള്ള റിപ്പോര്‍ട്ടാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോയ്ക്ക് സംഘടന നല്‍കിയത്. പ്രതിഫലം തടഞ്ഞുവയ്‌ക്കല്‍, പിഴ ഈടാക്കല്‍ തുടങ്ങിയ അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടുവെന്ന് റിപ്പോർട്ടിലുണ്ട്. സ്റ്റേഡിയം നിര്‍മാണത്തിനിടെ മനുഷ്യാവകാശ ലംഘനം നേരിട്ട തൊഴിലാളികള്‍ക്ക് നഷ്‌ടപരിഹാരത്തിനായി 34,000 കോടി രൂപ മാറ്റിവയ്ക്കണമെന്നും സംഘടന ഫിഫയോട് അവശ്യപ്പെട്ടിരുന്നു. അതേസമയം 40ല്‍ താഴെ മരണം മാത്രമാണ് സംഭവിച്ചതെന്നാണ് ഖത്തറിന്‍റെ വാദം.