മ്യൂണിക്ക് : കളിക്കാരനായും പരിശീലകനായും ഫുട്ബോളില്‍ വിശ്വകിരീടം നേടിയ ഇതിഹാസം ഫ്രാന്‍സ് ആന്‍റണ്‍ ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മ്യൂണിക്കിലായിരുന്നു വിയോഗം. 'ഡെര്‍ കൈസര്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മികച്ച ഡിഫന്‍ഡര്‍ എന്ന നിലയിലായിരുന്നു ഖ്യാതിയെങ്കിലും എതിരാളികളുടെ പ്രതിരോധക്കോട്ട പൊളിച്ച് നിറയൊഴിച്ച് ലക്ഷ്യം കാണുന്നതില്‍ പലകുറി മികവ് തെളിയിച്ച താരവുമായിരുന്നു (Franz Beckenbauer Dies).
സെന്‍റര്‍ ഫോര്‍വേഡ്, ലെഫ്റ്റ് വിങ്ങര്‍, മിഡ് ഫീല്‍ഡര്‍ എന്നീ നിലകളില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും പശ്ചിമ ജര്‍മന്‍ ടീമിനുവേണ്ടിയും അതുല്യ പ്രകടനങ്ങള്‍ അദ്ദേഹം സാക്ഷാത്കരിച്ചിട്ടുണ്ട്. ലിബറോ എന്ന പൊസിഷന്‍ വിപ്ലവകരമായി സാക്ഷാത്കരിച്ച, അതില്‍ മികവുകള്‍ സാധ്യമാക്കിയ കളിക്കാരന്‍ കൂടിയാണ്. മൈതാനത്ത് സ്വതന്ത്രമായി വിഹരിക്കുന്ന ഡിഫൻഡർ എന്നതാണ് ലിബറോയുടെ ആശയം. അത്തരത്തില്‍ മത്സരത്തിനിടെ എതിരാളിയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി ബെക്കന്‍ബോവര്‍ പലകുറി ഭീഷണി സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു (World Cup both as player and coach).
ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1974 ല്‍ ജര്‍മനി ലോകകപ്പ് നേടുമ്പോള്‍ ബെക്കന്‍ബോവറായിരുന്നു നായകന്‍. 1990ല്‍ പരിശീലകനായുള്ള അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ ജര്‍മനിക്ക് വീണ്ടും വിശ്വകിരീടം നേടിക്കൊടുത്തു. ബ്രസീലിന്‍റെ മരിയോ സാഗല്ലോ, ഫ്രാന്‍സിന്‍റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് കളിക്കാരായും പരിശീലകരായും ലോകകപ്പ് നേടിയിട്ടുള്ള മറ്റ് പ്രതിഭകള്‍ (Bayern Munich Player).
20ാം വയസില്‍ ജര്‍മനിക്ക് വേണ്ടി അരങ്ങേറിയ ബെക്കന്‍ബോവര്‍ മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. കൂടാതെ 1972 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1972ല്‍ യൂറോകപ്പും നേടിക്കൊടുത്ത ക്യാപ്റ്റനാണ്. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനുമായി (West Germany Captain).
ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ദ്യോറും സ്വന്തം പേരിലുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളായും അദ്ദേഹം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 1972ലും 1976ലുമാണ് ബാലണ്‍ ദ്യോര്‍ പുരസ്കാരത്തിന് അര്‍ഹനായത്. ബയേണ്‍ മ്യൂണിക്കിന്‍റെ താരമായും കോച്ചായും ക്ലബ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചതിന്‍റെ അപൂര്‍വതയുമുണ്ട് അദ്ദേഹത്തിന്‍റെ പേരില്‍. 1984ലാണ് കളിക്കളത്തില്‍ നിന്ന് വിരമിച്ചത്.
ഒടുവില്‍ ന്യൂയോര്‍ക്ക് കോസ്മോസിന്‍റെ താരമായിരുന്നു. 1945 സെപ്റ്റംബര്‍ 11 ന് മ്യൂണിക്കിലായിരുന്നു ജനനം. പതിനെട്ടാം വയസില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് പ്രൊഫഷണല്‍ ഫുട്ബോളിലെ അരങ്ങേറ്റം. മറ്റൊരു ഫുട്ബോള്‍ ഇതിഹാസമായ മരിയോ സാഗല്ലയുടെ വിയോഗത്തിന് രണ്ടുനാളിപ്പുറമാണ് ബെക്കന്‍ബോവറുടെ നിര്യാണം സംഭവിച്ചിരിക്കുന്നത്.