ടോക്കിയോ: 2021ൽ ടോക്കിയോ ഒളിമ്പിക്സ് നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ടോക്കിയോ 2020 സിഇഒ തോഷിരോ മ്യൂട്ടോ. ഒളിമ്പിക്സ് തിയതി സംബന്ധിച്ച തീരുമാനം ഒക്ടോബറിൽ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കോർഡിനേഷൻ കമ്മീഷൻ ചെയർമാൻ ജോൺ കോട്ട്സ് പറഞ്ഞിരുന്നു. എന്നാൽ കോട്ട്സ് അത്തരം റിപ്പോർട്ടുകൾ നിഷേധിച്ചതായി മ്യൂട്ടോ ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗെയിംസ് മാറ്റിവച്ച് രണ്ട് മാസത്തിലേറെയായിട്ടും ടോക്കിയോ 2020 ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടില്ല. ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക് ഗെയിംസ് മാറ്റിവയ്ക്കുന്നത്. ഗെയിമുകൾക്കായുള്ള തയ്യാറെടുപ്പിന് നിരവധി കാര്യങ്ങൾ ശേഖരിക്കാൻ ഞങ്ങൾക്ക് ആറ് വർഷമെടുത്തു. എന്നാൽ ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ ഇത് വീണ്ടും ചെയ്യേണ്ടതുണ്ടെന്നും മ്യൂട്ടോ പറഞ്ഞു. വേദികൾ സുരക്ഷിതമാക്കുകയെന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് ടോക്കിയോ 2020 വക്താവ് മാസാ തകയ പറഞ്ഞു. 43 വേദികൾ സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണെന്നും മ്യൂട്ടോ വ്യക്തമാക്കി.