ദോഹ : ഖത്തര്‍ ലോകകപ്പില്‍ സെനഗലിന്‍റെ 'ആദ്യ മത്സരത്തില്‍' സൂപ്പര്‍ ഫോര്‍വേഡ് സാദിയോ മാനെ കളിക്കില്ല. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്‍റെ താരമായ മാനെയ്‌ക്ക് കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കില്‍ നിന്നും മോചിതനാവാത്ത മാനെയ്‌ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണെന്ന് സെനഗൽ സോക്കർ ഫെഡറേഷൻ ബോർഡ് അംഗം പറഞ്ഞു.
കരുത്തരായ നെതര്‍ലന്‍ഡ്‌സിനെയാണ് ഖത്തറിലെ ആദ്യ മത്സരത്തില്‍ സെനഗലിന് നേരിടേണ്ടത്. "ഞങ്ങള്‍ക്ക് സാദിയോ മാനെ ഇല്ലാതെ ആദ്യ മത്സരത്തില്‍ കളിക്കുകയും വിജയിക്കുകയും ചെയ്യേണ്ടതുണ്ട്. ആരും ആഗ്രഹിക്കുന്ന ഒന്നല്ലിത്.
പക്ഷെ അതാണ് സംഭവിച്ചത്. മാനെയല്ലാതെ ഞങ്ങള്‍ക്ക് 25 കളിക്കാരുണ്ട്" സെനഗൽ സോക്കർ ഫെഡറേഷൻ ബോർഡ് അംഗം പറഞ്ഞു. കൂടുതല്‍ മത്സരങ്ങളില്‍ മാനെ പുറത്തിരിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ജര്‍മന്‍ ലീഗില്‍ ഒരാഴ്ച മുമ്പ് ബയേണും വെർഡർ ബ്രെമനും തമ്മിലുള്ള മത്സരത്തിനിടെയാണ് മാനെയ്‌ക്ക് പരിക്കേല്‍ക്കുന്നത്. അതേസമയം മാനെ ഇല്ലാതെ സെനഗലിന്‍റെ ഭൂരിഭാഗം ടീമംഗങ്ങളും ഞായറാഴ്ച ഖത്തറിലെത്തിയിട്ടുണ്ട്. ബയേൺ മെഡിക്കൽ ടീമിന്‍റെ കൂടുതൽ പരിശോധനകൾക്ക് ശേഷമാവും മാനെ ദോഹയിലേക്ക് പുറപ്പെടുക.
also read: 'ആകാശപ്പന്ത്' കാലിലൊതുക്കി നെയ്‌മര്‍ - വീഡിയോ
നവംബര്‍ 21നാണ് നിലവിലെ ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ, നെതർലൻഡ്‌സിനെ നേരിടുക. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം ആതിഥേയരായ ഖത്തറുമായി കളിക്കും. നവംബർ 29ന് ഇക്വഡോറിനെതിരായാണ് സംഘത്തിന്‍റെ അവസാന ഗ്രൂപ്പ് മത്സരം.