ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സർലൻഡിനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പറങ്കിപ്പട സ്വിറ്റ്സർലൻഡിനെ കെട്ടുകെട്ടിച്ചത്. യുവതാരം ഗോണ്‍സാലോ റാമോസിന്‍റെ ഹാട്രിക് മികവാണ് പോര്‍ച്ചുഗലിന് തുണയായത്. പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും സംഘത്തിനായി ലക്ഷ്യം കണ്ടു.
അക്കാഞ്ചിയുടെ വകയായിരുന്നു സ്വിറ്റ്സർലൻഡിന്‍റെ ആശ്വാസ ഗോൾ. ക്വാർട്ടറിൽ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി. മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ കീഴടക്കിയാണ് മൊറോക്കോ എത്തുന്നത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പകരമായാണ് ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിന്‍റെ ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയത്. തുടര്‍ന്ന് തന്‍റെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ശരിയാണെന്ന് തോന്നിക്കുന്ന പ്രകടനമാണ് 21കാരന്‍ നടത്തിയത്. 17ാം മിനിട്ടില്‍ തന്നെ റാമോസ് പോര്‍ച്ചുഗലിനായുള്ള ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടു.
ബോക്‌സിനുള്ളില്‍ നിന്നുള്ള താരത്തിന്‍റെ തകര്‍പ്പന്‍ ഇടങ്കാലന്‍ ഷോട്ട് വലതുളയ്‌ക്കുകയായിരുന്നു. 51ാം മിനിട്ടിലാണ് റാമോസിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്നുള്ള ഡാലോട്ടിന്‍റെ ലോ ക്രോസ് അനായാസമാണ് താരം വലയിലെത്തിച്ചത്. പിന്നാലെ 67ാം മിനിട്ടില്‍ താരം ഹാട്രിക് തികയ്‌ക്കുകയും ചെയ്‌തു.
ജാവോ ഫെലിക്‌സിന്‍റെ പാസില്‍ നിന്നും മികച്ചൊരു ചിപ്പിലൂടെയാണ് സ്വിസ് ഗോള്‍കീപ്പര്‍ സോമ്മറിനെ റാമോസ് കീഴടക്കിയത്. റാമോസിന്‍റെ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. അതും ലോകകപ്പില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച ആദ്യ മത്സരത്തില്‍ തന്നെ നേടാനും 21കാരന് കഴിഞ്ഞു.
2002ലെ ലോകകപ്പില്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസേയാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം. 1990ത്തിന് ശേഷം ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പിറക്കുന്ന ആദ്യ ഹാട്രിക് കൂടിയാണിത്. അന്ന് ചെക്ക് റിപ്പബ്ലിക്ക് താരമായിരുന്ന തോമസ് സകുഹ്‌റാവിക്ക് കോറ്റാറിക്കയ്‌ക്ക് എതിരായാണ് ഹാട്രിക് അടിച്ചത്.
Also read: ഹീറോയായി ബോണോ, ചരിത്രം കുറിച്ച് മൊറോക്കോ ; സ്പെയിനിന് മടക്ക ടിക്കറ്റ്
ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരമാണ് റാമോസ്. ഇതിന് മുന്നേ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് കൂടിയാണ് റാമോസ് നേടിയത്.