ദോഹ: ഖത്തറില്‍ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ലോകകപ്പ് നേടാന്‍ ലയണല്‍ മെസിക്കും സംഘത്തിനും കഴിയുമെന്ന് അർജന്‍റീനയുടെ മുന്‍ താരം പാബ്ലോ സബലേറ്റ. സൗദിക്കെതിരായ തോല്‍വി മറന്ന് ടീം മുന്നേറണം. 1990ലെ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ കാമറൂണിനോട് തോറ്റു തുടങ്ങിയ അര്‍ജന്‍റീന ഫൈനലിലെത്തിയതായും സബലേറ്റ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്‍റീനയെ അട്ടിമറിച്ചത്. 10-ാം മിനിറ്റില്‍ മെസിയുടെ പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്‍റീനയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും സംഘത്തിന് കഴിഞ്ഞു.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവർ നേടിയ ഗോളുകൾക്ക് സൗദി വിജയം ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ ഇനി പോളണ്ടും മെക്‌സിക്കോയുമാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. തങ്ങളുടെ ആദ്യ മത്സരത്തില്‍ പോളണ്ടും മെക്‌സിക്കോയും സമനിലയില്‍ പിരിഞ്ഞിരുന്നു.
അതേസമയം മത്സരശേഷം അര്‍ജന്‍റീനയുടെ ലോക്കര്‍ റൂം തീര്‍ത്തും നിശബ്‌ദമായിരുന്നു. താരങ്ങളുടെ നിരാശയെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിന് 'അവര്‍ മരിച്ചു' എന്ന രണ്ട് വാക്കുകളിലാണ് ലയണല്‍ മെസി ഉത്തരം നല്‍കിയത്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ടാവാം. വരാനിരിക്കുന്ന കാര്യങ്ങൾക്കായി ഞങ്ങൾ തയ്യാറെടുക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.