സൂറിച്ച് : ഖത്തര്‍ ഫുട്ബോൾ ലോകകപ്പില്‍ മത്സരങ്ങളുടെ ദൈർഘ്യം സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫിഫ. സ്റ്റോപ്പേജ് സമയം ചേർക്കുന്നതടക്കം ടൂർണമെന്‍റിന്‍റെ റഫറിമാർക്ക് പുതിയ അധികാരങ്ങൾ നൽകുമെന്ന തരത്തില്‍ നിരവധി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരാധകർക്കായി മത്സരത്തിന്‍റെ സമയം ദീര്‍ഘിപ്പിക്കാന്‍ ഫിഫ ആലോചിക്കുന്നതായും പ്രചരിച്ചിരുന്നു.
ഇക്കാര്യത്തിലാണ് ഇപ്പോള്‍ ലോക ഫുട്ബോൾ ഭരണ സമിതി വ്യക്തത വരുത്തിയിരിക്കുന്നത്. "ഖത്തർ ലോകകപ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഫുട്ബോൾ ടൂര്‍ണമെന്‍റുകളിലോ മത്സരങ്ങളുടെ ദൈർഘ്യം സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഫിഫ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു" - സംഘടന പ്രസ്‌താവനയില്‍ അറിയിച്ചു. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും ഫിഫ വിശദീകരിച്ചു.
also read: ഖത്തര്‍ ലോകകപ്പ് : സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ, കണ്ണ് തള്ളി ആരാധകര്‍
അതേസമയം അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പിനാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിൽ നടക്കുന്ന രണ്ടാമത്തെ മാത്രം ലോകകപ്പാണിത്. ഈ വര്‍ഷം നവംബര്‍ 21നാണ് ടൂര്‍ണമെന്‍റിന്‍റെ 22ാം പതിപ്പിന് തുടക്കമാവുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.