സൂറിച്ച്: 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങള്‍ പ്രഖ്യാപിച്ച് ഫിഫ. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി 16 നഗരങ്ങളിലാണ് 2016ലെ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുക. 1994ന് ശേഷം ഇതാദ്യമായാണ് വടക്കെ അമേരിക്ക ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഒരുങ്ങുന്നത്.
കൂടാതെ മൂന്ന് രാജ്യങ്ങളില്‍ ലോകകപ്പ് നടക്കുന്നതും ആദ്യമായാണ്. അമേരിക്കയിലെ 11 നഗരങ്ങള്‍, മെക്‌സിക്കോയില്‍ മൂന്ന് നഗരങ്ങള്‍, കാനഡയില്‍ രണ്ട് നഗരങ്ങള്‍ എന്നിവയാണ് ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്.
അമേരിക്കയിലെ അറ്റ്‌ലാന്‍റ, ബോസ്റ്റൺ, ഡളളാസ്, ഹൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്‌സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയ, സിയാറ്റിൽ എന്നീ നഗരങ്ങളെയാണ് ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്.
1994 ലോകകപ്പിൽ ഉപയോഗിച്ച അമേരിക്കയിലെ ഒമ്പത് സ്റ്റേഡിയങ്ങളിൽ ഒന്നുപോലും പട്ടികയില്‍ ഇല്ല. മെക്‌സിക്കോയില്‍ എസ്റ്റാഡിയോ ആസ്‌ടെക്ക, ഗ്വാഡലജാര, മോണ്ടെറി എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. 1970ലും, 1986ലെ ഫൈനലിലും ആതിഥേയത്വം വഹിച്ച നഗരമാണ് എസ്റ്റാഡിയോ ആസ്‌ടെക്ക. ലോകകപ്പിനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ വേദിയായും ഇത് മാറും.
ടൊറന്‍റോയിലെ ബിഎംഒ ഫീൽഡിലും, വാൻകൂവറിലുമാണ് കാനഡയില്‍ മത്സരങ്ങള്‍ നടക്കുക. അതേസമയം 2022ലെ ഖത്തര്‍ ലോകകപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. മിഡിൽ ഈസ്റ്റ് ആതിഥേയത്വം വഹിക്കുന്ന ആദ്യ ടൂർണമെന്‍റാണിത്.