മഡ്രിഡ് : യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളിലും കിരീടം നേടുന്ന ആദ്യ ഫുട്‌ബോൾ പരിശീലകനാണ് കാർലോ ആൻസലോട്ടി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ശനിയാഴ്‌ച ലിവർപൂളിനെ നേരിടാനിരിക്കെ സമ്മർദത്തിലാണ് നാലാം കിരീടം ലക്ഷ്യമിടുന്ന പരിചയസമ്പന്നനായ ആൻസലോട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമ നിമിഷം മത്സരത്തിന് മൂന്നോ നാലോ മണിക്കൂർ മുമ്പാണ് - ആൻസലോട്ടി പറയുന്നു
'നിർണായക മത്സരത്തിന് ഞാൻ വളരെയധികം വിയർക്കുകയും ക്രമാതീതമായി എന്‍റെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ നെഗറ്റീവ് ചിന്തകൾ മനസിനെ താളം തെറ്റിക്കും. അതിന് കാര്യമായ മരുന്നോ ചികിത്സയോ ഇല്ല, കുറച്ചുസമയം വെറുതെ നിൽക്കണം, മത്സരം തുടങ്ങുന്നതോടെ അതെല്ലാം നിലയ്ക്കും' - ആൻസലോട്ടി പറഞ്ഞു.
സിനദീൻ സിദാനുശേഷം മാഡ്രിഡ് ടീമിൽ തിരിച്ചെത്തിയ ആൻസലോട്ടി സീസണിന്‍റെ തുടക്കം മുതൽ തന്നെ മേധാവിത്വം പുലർത്തിയിരുന്നു. മികച്ച പ്രതിരാധം തീർത്ത് കരിം ബെൻസീമയെയും വിൻഷ്യസ് ജൂനിയറിനെയും ആക്രമണത്തിന് വിട്ടുകൊണ്ടാണ് ആൻസലോട്ടി മാഡ്രിഡിനെ വേഗത്തിൽ ട്രാക്കിലെത്തിച്ചത്. അദ്ദേഹം ടീമിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും അത് സീസണിന്‍റെ മികച്ച ഫലത്തിൽ തന്നെ അവസാനിക്കുകയും ചെയ്‌തു.
സ്‌പാനിഷ് ലീഗിൽ ഗംഭീരഫോമിൽ കുതിച്ച റയൽ നാല് മത്സരം ബാക്കി നിൽക്കെ കിരീടം ചൂടിയിരുന്നു. ഗംഭീര തരിച്ചുവരവുകൾ നടത്തിയാണ് അവർ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഇടം പിടിച്ചത്. നോക്കൗട്ട് റൗണ്ടിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെയാണ് മറികടന്നത്.
'മികച്ച അന്തരീക്ഷം വളർത്തിയെടുക്കാനും താരങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. കളിക്കാർ വളരെ സന്തുഷ്‌ടരാണ്, അതുകൊണ്ടുതന്നെ ടീമിന് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. അവരെല്ലാം എന്റെ തീരുമാനത്തെ മാനിച്ചു. ഈ സീസണിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങൾ എല്ലാവരും പരസ്പരം വളരെയധികം ബഹുമാനിക്കുന്നു' - ആൻസലോട്ടി വിശദീകരിക്കുന്നു.
2013 മുതൽ 15 വരെ ക്ലബ്ബിൽ തന്‍റെ ആദ്യ ഘട്ടത്തിൽ കളിക്കാരെ വേണ്ടത്ര റൊട്ടേറ്റ് ചെയ്യാത്തതിന് ആൻസലോട്ടി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ലീഗ് വിജയിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. ലിവർപൂളിനെതിരായ ജയം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുമായി ഏറ്റവും കൂടുതൽ യൂറോപ്യൻ കിരീടം സ്വന്തമാക്കിയ പരിശീലകനെന്ന നേട്ടത്തിലെത്തിക്കും. 1977, 1978, 1981 വർഷങ്ങളിൽ ലിവർപൂളിനൊപ്പം യൂറോപ്യൻ കപ്പ് കിരീടങ്ങൾ നേടിയ ബോബ് പെയ്‌സ്‌ലിയും 2016 മുതൽ 18 വരെ മാഡ്രിഡിനെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച സിദാനുമാണ് മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയ പരിശീലകർ.
എ.സി. മിലാനൊപ്പം സീരി എ കിരീടം 2003-04 സീസണിൽ നേടിയ ആൻസലോട്ടി ചെൽസിക്കൊപ്പം 2009-10 സീസണിൽ പ്രീമിയർ ലീഗ് കപ്പുയർത്തി. പി.എസ്.ജി.ക്കൊപ്പം 2012-13 -ൽ ഫ്രഞ്ച് ലീഗ് വൺ കിരീടവും നേടി. ബയേൺ മ്യൂണിക്കിനൊപ്പം 2016-17 കാലത്താണ് ബുണ്ടസ് ലിഗ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനെ മുമ്പ് പരിശീലിപ്പിച്ചപ്പോൾ ലാലിഗ ചാമ്പ്യൻപട്ടം സ്വന്തമാക്കാൻ കഴിയാതെ പോയ ആൻസലോട്ടി രണ്ടാമൂഴത്തിൽ കിരീടം സ്വന്തമാക്കി.
2003ലും 2007ലും എസി മിലാനൊപ്പം തന്‍റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയെങ്കിലും 2005ൽ ലിവർപൂളിനെതിരായ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബിനോട് 3-0ന് ലീഡ് നേടിയതിന് ശേഷം ആൻസലോട്ടി അത് തോറ്റു. കളിക്കാരനെന്ന നിലയിൽ, മിലാനൊപ്പം 1989 ലും 1990 ലും യൂറോപ്യൻ കപ്പ് കിരീടം നേടി.
'ഞാൻ ബഹുമാനിക്കുന്ന ക്ലബ്ബാണിത്. അവരുടെ ചരിത്രം എനിക്ക് ഇഷ്‌ടമാണ്, അവർക്കെതിരെ ഫൈനൽ കളിക്കുക എന്നത് പ്രത്യേകമായ കാര്യമാണ്. ആറ് ചാമ്പ്യൻസ് ലീഗുകൾ നേടിയ ക്ലബ്ബാണിത്, അതിനാൽ ഈ ഗെയിമിന് എനിക്ക് കൂടുതൽ പ്രചോദനമുണ്ട്' - ലിവർപൂളിനെക്കുറിച്ച് ആൻസലോട്ടി പറഞ്ഞു.