ദോഹ: അവസാന എട്ടില്‍ അഞ്ചും യൂറോപ്പില്‍ നിന്ന്, പിന്നെ പതിവുപോലെ ബ്രസീലും അർജന്‍റീനയും, ഈ വമ്പൻമാർക്കൊപ്പം അഭിമാനത്തോടെ ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും.... ഇപ്പറഞ്ഞത് ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ലൈനപ്പിനെ കുറിച്ചാണ്.
യുവരക്തം നിറച്ച് യൂറോപ്പ്: ലോക ഫുട്‌ബോളിലെ വമ്പൻമാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നിങ്ങനെ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ ക്വാർട്ടറിലെത്തിയത്. ഒരുപിടി യുവതാരങ്ങളുടെ മികവിലാണ് യൂറോപ്യൻ രാജ്യങ്ങളെല്ലാം ലോകകപ്പിലെ ഓരോ മത്സരത്തിലും മികവ് പുലർത്തുന്നത് എന്നത് ഏറെ ശ്രദ്ധേയം. കഴിഞ്ഞ യൂറോകപ്പിനും ലോകകപ്പിനും യോഗ്യത പോലും നേടാൻ കഴിയാതിരുന്ന നെതർലന്‍ഡ്‌സിന്‍റെ പ്രകടം എടുത്തുപറയേണ്ടതാണ്.
അട്ടിമറികളുടെ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പൻമാരെ അട്ടിമറിച്ച ഏഷ്യൻ രാജ്യങ്ങളാണ് ആരാധകരുടെ മനം കവർന്നത്. അർജന്‍റീനയെ ഞെട്ടിച്ച സൗദി അറേബ്യ, ജർമനിയെയും സ്‌പെയിനിനെയും തകർത്ത ജപ്പാൻ, വെയില്‍സിനെ തോല്‍പ്പിച്ച ഇറാൻ, ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ അമേരിക്ക, ബെല്‍ജിയത്തെ തോല്‍പ്പിച്ച മൊറോക്കോ, ഫ്രാൻസിനെ ഞെട്ടിച്ച ടുണിഷ്യ, പോർച്ചുഗലിനെ തോല്‍പ്പിച്ച ദക്ഷിണകൊറിയ, ബ്രസീലിന്‍റെ ഹൃദയം തകർത്ത കാമറൂൺ എന്നിവരെല്ലാം അട്ടിമറിയിലൂടെ ഈ ലോകകപ്പിന്‍റെ ആദ്യ റൗണ്ട് താരങ്ങളായി.
ഏഷ്യയില്‍ നിന്ന് ജപ്പാനും ദക്ഷിണ കൊറിയയും മാത്രമാണ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ലാറ്റിനമേരിക്കയില്‍ നിന്ന് അർജന്‍റീനയും ബ്രസീലും മാത്രം യോഗ്യത നേടിയപ്പോൾ ഇക്വഡോർ വേദനയായി. ആഫ്രിക്കയില്‍ നിന്ന് സെനഗലും മൊറോക്കോയും യോഗ്യത നേടി.
പ്രീ ക്വാർട്ടറിലായിരുന്നു കളി: ഇംഗ്ലണ്ടും ബ്രസീലും പോർച്ചുഗലും ഫ്രാൻസും പ്രീ ക്വാർട്ടറില്‍ തങ്ങളുടെ രൗദ്രഭാവം പുറത്തെടുത്തപ്പോൾ ഗോൾ മഴ പെയ്‌തു. പോളണ്ടും സെനഗലും യഥാക്രമം ഫ്രാൻസിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടപ്പോൾ ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ജപ്പാനും ബ്രസീലിയൻ സാംബ താളത്തില്‍ അലിഞ്ഞുവീണ ദക്ഷിണകൊറിയയും ഏഷ്യൻ വേദനയായി.
ഏറ്റവും ഒടുവില്‍ ആഫ്രിക്കൻ വൻമതിലായി മൊറോക്കോ ഉറച്ചു നിന്നപ്പോൾ ടിക്കി ടാക്കയുമായി വന്ന സ്‌പെയിനിന് പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വിയോടെ മടങ്ങേണ്ടി വന്നതിനും ഫുട്‌ബോൾ ലോകം സാക്ഷിയായി. സ്വിറ്റ്‌സർലന്‍ഡിനെ ഒന്നിന് എതിരെ ആറ് ഗോളുകൾക്ക് പോർച്ചുഗല്‍ തകർത്തപ്പോൾ ഹാട്രിക്കുമായി കളം നിറഞ്ഞ ഗോൺസാലോ റാമോസ് എന്ന യുവതാരത്തിന്‍റെ ഉദയം ഈ ലോകകപ്പിന്‍റെ സൗന്ദര്യമാണ്.
തീപാറുന്ന ക്വാർട്ടർ: പതിവില്‍ നിന്ന് വിപരീതമായി വമ്പൻ ടീമുകളാണ് ക്വാർട്ടറില്‍ ഏറ്റുമുട്ടുന്നത്. എല്ലാ മത്സരങ്ങളും ഫൈനലിന് സമം. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യ അഞ്ച് തവണ ചാമ്പ്യമാരായ ബ്രസീലിനെ നേരിടുമ്പോൾ നെതർലന്‍ഡ്‌സ് അർജന്‍റീനയെ നേരിടും.
ഡിസംബർ ഒൻപതിന് രാത്രി എട്ടരയ്‌ക്കാണ് ബ്രസീല്‍ -ക്രൊയേഷ്യ മത്സരം. ഡിസംബർ 10 പുലർച്ചെ 12.30ന് അർജന്‍റീന - നെതർലന്‍ഡ്‌സിനെയും നേരിടും. ഡിസംബർ 10ന് മൊറോക്കോ പോർച്ചുഗലിനെ നേരിടുമ്പോൾ ഡിസംബർ 11ന് പുലർച്ചെ ഇംഗ്ലണ്ട് ഫ്രാൻസിനെയും നേരിടും.
അത്‌ഭുതമാകാൻ മൊറോക്കോ: ഇക്കുറി ക്വാര്‍ട്ടറില്‍ എത്തിയ മൊറോക്കോയ്‌ക്കൊപ്പം ആഫ്രിക്കന്‍ വന്‍കരയ്‌ക്ക് ഏറെ സന്തോഷിക്കാനുണ്ട്. കാരണം 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിന്‍റെ അവസാന എട്ടിലേക്ക് ഒരു ആഫ്രിക്കന്‍ രാജ്യം മുന്നേറ്റം നടത്തുന്നത്. ഇതുകൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമെത്തെ മാത്രം ആഫ്രിക്കന്‍ രാജ്യമാണവര്‍. കാമറൂണ്‍ (1990 ), സെനഗല്‍ (2002), ഘാന (2010) എന്നീ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെത്തിയ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍.
മെസിയില്ലാതെ എന്ത് ഫുട്‌ബോൾ, നെയ്‌മറും: ലാറ്റിനമേരിക്കൻ സൗന്ദര്യമാണ് ഫുട്‌ബോളിന്‍റെ സൗന്ദര്യം. ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിലും നിറഞ്ഞ് കളിച്ച അർജന്‍റീനയും ലയണല്‍ മെസിയും ഈ ലോകകപ്പിന്‍റെയും സൗന്ദര്യമാണ്. പരിക്കിന്‍റെ പിടിയിലായ നെയ്‌മറെ മാത്രം ആശ്രയിക്കാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞാണ് ഒരു പിടി യുവതാരങ്ങളുമായി ബ്രസീലും ലോകകപ്പ് സ്വപ്‌നം കാണുന്നത്.
ഗോളടിച്ചുകൂട്ടാൻ തന്നെയാണ് അർജന്‍റീനയുടേയും ബ്രസീലിന്‍റെയും നയമെന്ന് അവർ കളിക്കളത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അര്‍ജന്‍റീനയ്‌ക്കും ബ്രസീലിനും പുറമെ ചില ലോകകപ്പുകളില്‍ യുറുഗ്വായ്, ചിലി, പരാഗ്വേ, കൊളംബിയ, പെറു എന്നീ ടീമുകള്‍ നടത്തിയ മുന്നേറ്റങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ തീരെ ശുഷ്‌കമാകുകയാണ് ലാറ്റിനമേരിക്കയുടെ ലോകകപ്പ് ഫുട്‌ബോൾ സൗന്ദര്യം എന്നത് ദു:ഖകരവുമാണ്.
പ്രതീക്ഷ കൈവിടാതെ ഇവർ: മികച്ച മത്സരവും പോരാട്ട വീര്യവും പ്രകടിപ്പിച്ച ജപ്പാൻ, ദക്ഷിണകൊറിയ എന്നിവർക്കൊപ്പം കാനഡ, സെർബിയ, ടുണിഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നി രാജ്യങ്ങളും അവരുടെ താരങ്ങളും വരാനിരിക്കുന്ന ലോകകപ്പുകൾ തങ്ങളുടേതാകുമെന്ന് ഉറപ്പിച്ചാണ് മടങ്ങിയത്.
ഇക്കുറി ലോകകപ്പിനെത്തിയ 32 ടീമുകളിലെ 831 കളിക്കാരില്‍ 638 പേരും യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നുള്ളവരായിരുന്നു എന്നതും കൗതുകം. ഏഷ്യൻ ക്ലബ്ബുകളിൽ നിന്ന് 112 പേരും ലാറ്റിനമേരിക്കയിലെ 76 താരങ്ങളുമായിരുന്നു ഖത്തറിലെത്തിയത്. സ്വിറ്റ്‌സർലന്‍ഡ്, ബെല്‍ജിയം, കാനഡ, ഫ്രാൻസ്, നെതർലന്‍ഡ്‌സ്, പോർച്ചുഗല്‍ തുടങ്ങിയ ടീമുകളിലെ ആഫ്രിക്കൻ താരങ്ങളുടെ സാന്നിധ്യം ഫുട്‌ബോളിന്‍റെ യഥാർഥ സൗന്ദര്യം വെളിവാക്കുന്നതായിരുന്നു.
ഒന്നും ചെയ്യാനില്ലാതെ ജർമനിയും ബെല്‍ജിയവും: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ രാജ്യങ്ങളുടെ പട്ടികയില്‍ എന്നും ആദ്യ അഞ്ചില്‍ ഉൾപ്പെടുന്നവരാണ് ജർമനിയും ബെല്‍ജിയവും. ഫുട്‌ബോളിന്‍റെ ലോക കിരീട നേട്ടത്തില്‍ ബ്രസീലിന് പിന്നിലുള്ള ജർമനി ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പക്ഷേ യുവതാരനിരയുമായി എത്തിയ ജർമനി അടുത്ത ലോകകപ്പില്‍ മികച്ച പ്രകടനം ഉറപ്പിച്ചാണ് മടങ്ങിയത്.
ഈ ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും മികച്ച ഒരു നീക്കവും നടത്താനാകാതെ ആദ്യ റൗണ്ടില്‍ പുറത്തായ ബെല്‍ജിയം, തങ്ങളുടെ സുവർണകാലം അസ്‌തമിച്ചു എന്നാണ് പ്രഖ്യാപിച്ചത്. പ്രീക്വാർട്ടറില്‍ പുറത്തായെങ്കിലും മധ്യനിരയില്‍ അടക്കം മികച്ച യുവപോരാളികളുമായി ലോകകപ്പിനെത്തിയ സ്‌പെയിനും ഭാവിയിലെ ടീമാകാൻ സജ്ജമാണെന്ന് പറഞ്ഞാണ് മടങ്ങിയത്.
Also read: ക്രിസ്റ്റ്യാനോയുടെ കരിയറിന്‍റെ അവസാനം ദുരന്തമാകും ; അഹങ്കാരം അവസാനിപ്പിക്കണമെന്ന് ഗാരി നെവിൽ