നികോസിയ: ജയിക്കാനുള്ള അടങ്ങാത്ത അഭിനിവേശം നഷ്‌ടപ്പെട്ടതാണ് നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ സൈപ്രസ് ക്ലബ് ഒമോനിയ നികോസിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോടാണ് ടെന്‍ ഹാഗിന്‍റെ പ്രതികരണം.
ഒമോനിയയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുണൈറ്റഡ് ജയിച്ചിരുന്നു. എന്നാല്‍ മത്സരത്തിലധികവും അസ്ഥിരമായാണ് യുണൈറ്റഡ് കാണപ്പെട്ടത്. ഗോളവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ യുണൈറ്റഡ് താരങ്ങള്‍ പരാജയപ്പെട്ടു.
നിലവിൽ ടീം അത്ര മികച്ചതല്ലെന്നും എറിക് ടെന്‍ ഹാഗ് സമ്മതിച്ചു. "ഓരോ തവണയും പാഠങ്ങൾ പഠിക്കുകയും അതില്‍ നിന്നും പരമാവധി നൽകുകയും വേണം. കാരണം എനിക്ക് നല്ലത് മാത്രം മതി. ഈ നിമിഷം, ഇതുവരെ ഞങ്ങൾ അത്ര നല്ലതല്ല.
ഞങ്ങള്‍ക്ക് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. നേരത്തെയുണ്ടായിരുന്ന ജയിക്കാനുള്ള അടങ്ങാത്ത അഭിനിവേശം നഷ്‌ടപ്പെട്ടതാണ് പ്രധാന പ്രശ്‌നമെന്ന് എനിക്ക് തോന്നുന്നു. എല്ലാ മത്സരങ്ങളിലും കളിക്കളത്തിലേക്ക് അതുകൊണ്ടുവരേണ്ടതുണ്ട്.
ഞായറാഴ്‌ചത്തെ മത്സരത്തില്‍ സിറ്റിയും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം അതായിരുന്നു", എറിക് ടെന്‍ ഹാഗ് പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 6-3ന് യുണൈറ്റഡിനെ തകര്‍ത്തിരുന്നു. ലീഗില്‍ എവര്‍ടണെതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്.
also read: യുവേഫ യൂറോപ്പ ലീഗ്: ഇരട്ട ഗോളുകളുമായി റാഷ്ഫോര്‍ഡ്, ഒമോനിയയെ കീഴടക്കി യുണൈറ്റഡ്