മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന്‍റെ വിജയക്കുതിപ്പിന് വിരാമമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ആഴ്‌സണലിനെ കീഴടക്കിയത്. യുണൈറ്റഡിനായി മാർക്കസ് റാഷ്ഫോര്‍ഡ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ആന്‍റണിയും വലകുലുക്കി. ബുക്കായോ സാക്കയാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്.
ലീഗില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആഴ്‌സണലാണ് പന്ത് കൂടുതല്‍ കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയത്. 12ാം മിനിട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി യുണൈറ്റഡിന്‍റെ പോസ്റ്റിലേക്ക് പന്തെത്തിച്ചു. എന്നാല്‍ വാര്‍ പരിശോധനയ്ക്ക് ശേഷം ഈ ഗോള്‍ നിഷേധിക്കപ്പെട്ടത് ആഴ്‌സണലിന് തിരിച്ചടിയായി.
യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ ഫൗള്‍ ചെയ്തതായി കണ്ടെത്തിയതാണ് റഫറിയുടെ തീരുമാനത്തിന് പിന്നില്‍. ഒടുവില്‍ 35ാം മിനിട്ടില്‍ ആന്‍റണിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതിയില്‍ ഈ ഗോളിന് യുണൈറ്റഡ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡ് ആന്‍റണിയെ പിന്‍വലിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കളത്തിലിറക്കി. തുടർച്ചയായ നാലാം മത്സരത്തിലാണ് റൊണാൾഡോ പകരക്കാരനാവുന്നത്.
എന്നാല്‍ 60ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ ഒപ്പം പിടിച്ചു. മിനിട്ടുകള്‍ക്കകം യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. 66ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പാസില്‍ റാഷ്‌ഫോര്‍ഡാണ് ലക്ഷ്യം കണ്ടത്. 75ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡ് വീണ്ടും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു.
എറിക്സണാണ് ഈ ഗോളിന് വഴിയൊരുക്കിയത്. തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ ആക്രമിച്ച് കളിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം തകര്‍ക്കാനായില്ല. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ആറ് മത്സരങ്ങളില്‍ 15 പോയിന്‍റുള്ള ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 പോയിന്‍റുള്ള യുണൈറ്റഡ് അഞ്ചാമതാണ്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ബ്രൈറ്റൺ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ടു. സീസണില്‍ ലെസ്റ്ററിന്‍റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ആറ് മത്സരങ്ങളില്‍ ഒരു പോയിന്‍റ് മാത്രമുള്ള സംഘം പോയിന്‍റ് പട്ടികയില്‍ വാലറ്റത്താണ്. 13 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്രൈറ്റൺ.