ലണ്ടന്‍: പരിശീലകനായി ഫ്രാങ്ക് ലാംപാർഡിനെ തിരിച്ചെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. പുറത്താക്കപ്പെട്ട ഗ്രഹാം പോട്ടറിന് പകരക്കാരനായാണ് ചെല്‍സി ഇടക്കാല പരിശീലകനായി ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചത്. നിലവിലെ സീസണ്‍ അവസാനിക്കും വരെയാണ് നിയമനം.
കഴിഞ്ഞ ജനുവരിയില്‍ എവർട്ടണ്‍ പുറത്താക്കിയതിന് ശേഷം 44കാരനായ ഫ്രാങ്ക് ലാംപാർഡ് ഒരു ടീമിന്‍റേയും ചുമതലയിലുണ്ടായിരുന്നില്ല. നേരത്തെ 2019 മുതൽ 2021 ജനുവരി വരെയായിരുന്നു ലാംപാർഡ് ചെൽസിയെ പരിശീലിപ്പിച്ചത്. ടീമിനെ എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതായിരുന്നു പ്രധാന നേട്ടം.
പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ ശനിയാഴ്‌ച നടക്കുന്ന മത്സരത്തിലാണ് ലംപാര്‍ഡ് ചുമതലയേല്‍ക്കുക. ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്ക് നേരത്തെ മൗറീഷ്യോ പോച്ചെറ്റിനോ, ലൂയിസ് എൻറിക്വേ, ജൂലിയൻ നാഗെൽസ്‌മാൻ തുടങ്ങിയ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്താനുള്ള "സമഗ്രമായ പ്രക്രിയ" നടക്കുന്നുണ്ടെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്.
ക്ലബിനായി തന്‍റെ ഏറ്റവും മികച്ചത് നല്‍കാന്‍ ആഗ്രഹിക്കുന്നതായും, അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ഫ്രാങ്ക് ലാംപാർഡ് പ്രതികരിച്ചു. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞുവെങ്കിലും പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനമാണ് ചെല്‍സി നടത്തുന്നത്.
ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ ഇരുപാദങ്ങളിലും കീഴടക്കിയ സംഘം ഗ്രൂപ്പ് ജേതാക്കളായിരുന്നു. തുടര്‍ന്ന് പ്രീക്വാർട്ടിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തോല്‍പ്പിച്ചാണ് ടീം അവസാന എട്ടില്‍ ഇടം നേടിയത്. ക്വാർട്ടറില്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡാണ് ചെൽസിയുടെ എതിരാളി.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ 11-ാം സ്ഥാനത്താണ് മുന്‍ ജേതാക്കള്‍. 29 മത്സരങ്ങളില്‍ നിന്നും 39 പോയിന്‍റാണ് സംഘത്തിനുള്ളത്. കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കോടികള്‍ ചിലവഴിച്ചിട്ടും ടീമിന്‍റെ പ്രകടനത്തില്‍ കാര്യമായ മാറ്റമില്ലാതിരുന്നതോടെയാണ് ഗ്രഹാം പോട്ടറിന് സ്ഥാനം തെറിച്ചത്. 2022ൽ ചെൽസിയുടെ പരിശീലകനായെത്തിയ പോട്ടർ ആറുമാസക്കാലം മാത്രമാണ് ക്ലബിനെ പരിശീലിപ്പിച്ചത്.
ഇക്കാലയളവിൽ കളിച്ച 31 മത്സരങ്ങളില്‍ നിന്നും വെറും 12 മത്സരങ്ങളിൽ മാത്രമാണ് ക്ലബിന് വിജയിക്കാന്‍ കഴിഞ്ഞത്. ഗ്രഹാം പോട്ടര്‍ ക്ലബിന് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും ആത്മാർഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നതായി ചെല്‍സി പ്രസ്‌താവനയില്‍ അറിയിച്ചിരുന്നു. ഒരു പരിശീലകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും പോട്ടറോട് തങ്ങള്‍ക്ക് വലിയ ബഹുമാനമാണുള്ളത്.
എല്ലായ്‌പ്പോഴും തികഞ്ഞ പ്രൊഫഷണലിസത്തോടും സത്യസന്ധതയോടും കൂടിയാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. എന്നാല്‍ ഈ ഫലത്തിൽ എല്ലാവര്‍ക്കും നിരാശയുണ്ട്. പ്രീമിയർ ലീഗില്‍ കുറച്ച് മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും ബാക്കിയുണ്ട്. സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും പ്രതിബദ്ധതയും ചെലുത്തുമെന്നും ചെല്‍സി ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
അതേസമയം റോമൻ അബ്രമോവിച്ചിൽ നിന്നും കഴിഞ്ഞ മേയിലാണ് അമേരിക്കന്‍ ബിസിനസുകാരനായ ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. ഇതിന് ശേഷം സ്ഥാനം നഷ്‌ടമാവുന്ന രണ്ടാമത്തെ പരിശീലകന്‍ കൂടിയാണ് ഗ്രഹാം പോട്ടർ. തോമസ് ട്യൂഷലിനെ പുറത്താക്കിയായിരുന്നു ചെല്‍സി പോട്ടർക്ക് ചുമതല നല്‍കിയത്.
ALSO READ: 'സ്വപ്‌ന കിരീടത്തിന് പിന്നാലെ സ്വപ്‌ന നേട്ടവും'; ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി അർജന്‍റീന