പാരീസ്: റഷ്യൻ, ബെലാറഷ്യൻ താരങ്ങളെ നിഷ്പക്ഷ അത്‌ലറ്റുകളായി മത്സരിക്കാൻ അനുവദിച്ച യുഎസ് ഓപ്പണിന്‍റെ തീരുമാനത്തിനെതിരെ യുക്രൈൻ ടെന്നീസ് താരം എലീന സ്വിറ്റോലിന. റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിലെ കായിക രംഗം 10 വര്‍ഷം പുറകിലേക്ക് വലിച്ചെറിയപ്പെട്ടെന്നും ഇക്കാരണത്താല്‍ തന്നെ റഷ്യന്‍ താരങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും എലീന സ്വിറ്റോലിന പറഞ്ഞു.
"ഇത് അവരുടെ തീരുമാനമാണ്, അവർ ഈ പാത സ്വീകരിക്കാൻ തീരുമാനിച്ചു. ഞാൻ അതിനെ പിന്തുണയ്ക്കുന്നില്ല, കാരണം അവർ കൂടുതൽ ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ കായിക രംഗം കുറഞ്ഞത് 10 വർഷത്തേക്ക് പിന്നോട്ട് വലിച്ചെറിയപ്പെടുന്നു.
കാരണം എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരാറിലാവുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തു. റഷ്യൻ, ബെലാറഷ്യൻ കളിക്കാരെ മത്സരിക്കാൻ അനുവദിക്കാതിരിക്കാന്‍ ഇത്തരത്തില്‍ പല വസ്‌തുതകളും എനിക്ക് പറയാന്‍ കഴിയും." 27കാരിയായ എലീന പറഞ്ഞു.
സംഘാടകരില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തത് മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും എലീന പറഞ്ഞു. "എന്തുകൊണ്ടാണ് ഞങ്ങൾക്ക് (യുക്രൈന്‍ പൗരന്മാര്‍ക്ക്) അവരിൽ നിന്ന് പിന്തുണ ലഭിക്കാത്തതെന്ന് ശരിക്കും മനസിലാകുന്നില്ല. അത് ഞങ്ങൾക്കിടയിൽ പിരിമുറുക്കം സൃഷ്ടിച്ചതായി എനിക്ക് തോന്നുന്നു" എലീന സ്വിറ്റോലിന പറഞ്ഞു.
അതേസമയം ടൂര്‍ണമെന്‍റുകളില്‍ നിന്നും തനിക്ക് ലഭിക്കുന്ന പണം യുക്രൈന്‍ സൈന്യത്തിന് നല്‍കുമെന്ന് എലീന നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ തന്‍റെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സ്വിറ്റോലിന ടെന്നീസിൽ നിന്നും മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം താരം പങ്കുവെച്ചിരുന്നു.