ദോഹ: ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് പരസ്യ പിന്തുണയറിച്ച് ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ എഹ്സാന്‍ ഹജ്‌സഫി. ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഇറാന്‍റെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഇറാന്‍ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് എഹ്‌സാൻ ഹജ്‌സഫി ഐക്യദാര്‍ഢ്യമറിയിച്ചത്. ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതയ്‌ക്കായി സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു.
"ഞങ്ങളുടെ രാജ്യത്തെ സാഹചര്യങ്ങൾ മോശമാണ്. ജനങ്ങൾ സന്തുഷ്‌ടരല്ലെന്നും നാം അംഗീകരിക്കണം. ഞങ്ങൾ ഇവിടെ എത്തിയതിന്‍റെ അര്‍ഥം അവരുടെ പോരാട്ടങ്ങളില്‍ നിശബ്‌ദത പാലിക്കുന്നുവെന്നോ, അവര്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നോയല്ല.
ഞങ്ങളിലെ ഊര്‍ജം അവരില്‍ നിന്നാണ്. നമ്മൾ പോരാടണം. ഇറാനിലെ ധീരരായ ജനങ്ങൾക്കായി ഗോളുകള്‍ നേടേണ്ടതുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ", എഹ്സാന്‍ ഹജ്‌സഫി പറഞ്ഞു.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും നിർണായക ഘട്ടത്തെയാണ് നിലവില്‍ ഇറാൻ സർക്കാർ അഭിമുഖീകരിക്കുന്നത്. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് രാജ്യത്തെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരിയുടെ മരണശേഷം കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇറാനിലെങ്ങും ജനകീയ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 380ല്‍ ഏറെ ആളുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടതായാണ് വിവരം.
also read: 'മെസിയെ കളിപ്പിക്കും, ക്രിസ്റ്റ്യാനോയെ ഒഴിവാക്കും': വെയ്‌ന്‍ റൂണി