ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022 -23 സീസണിന്‍റെ തീപാറും മത്സരങ്ങൾക്ക് നാളെ (7-10-2022) കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കമാവുകയാണ്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സും അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും തമ്മിലാണ് ഇത്തവണ ഉത്‌ഘാടന മത്സരത്തിൽ പന്ത് തട്ടുക. കൊവിഡ് കാരണം രണ്ട് സീസണുകളിൽ അടച്ചിട്ട മൈതാനങ്ങളിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഗ്യാലറിയിലേക്ക് കാണികൾ എത്തുന്നതും, ഹോം- എവേ മത്സരങ്ങൾ നടത്തുന്നതും ടീമുകൾക്ക് ആവേശം പകരും.
മികച്ച താരങ്ങളുടെ സാന്നിധ്യം കൊണ്ടും ആരാധകരുടെ പിന്തുണ കൊണ്ടും ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തന്നെയാകും ഉദ്‌ഘാടന മത്സരത്തിൽ മുൻതൂക്കം ലഭിക്കുക. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളായ അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ് എന്നിവർ ഇത്തവണ ടീമിനൊപ്പമില്ലെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈസ്റ്റ് ബംഗാളിനേക്കാൾ എന്തുകൊണ്ടും ശക്‌തർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്.
പുതുതായി ടീമിലെത്തിയ ജിയാനോ, ഡയമന്‍റകോസ്, വിക്‌ടർ മോംഗിൽ എന്നിവരിലും ഇവാൻ വുകോമാനോവിച്ചിന്‍റെ നേതൃത്വത്തിലുള്ള ടീം പ്രതീക്ഷ വയ്‌ക്കുന്നുണ്ട്. അതേസമയം ഇന്ത്യൻ ദേശീയ ടീമിലെ മിന്നും താരവും മലയാളിയുമായ സഹൽ അബ്‌ദുൾ സമദിലായിരിക്കും എല്ലാ കണ്ണുകളും. പരിക്കിൽ നിന്ന് മുക്തനായ സഹൽ പരിശീലനം പുനരാരംഭിച്ചു എന്ന വാർത്തയും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം പകരുന്നതാണ്.
തിരിച്ചുവരവിനൊരുങ്ങി ബംഗാൾ : അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനം ഇത്തവണ കിരീടനേട്ടത്തിലൂടെ മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ. ഇത്തവണ പുതിയ സ്‌പോണ്‍സറിന്‍റെ കീഴിൽ അടിമുടി മാറ്റവുമായാണ് മുൻ ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്‍റൈന്‍റെ നേതൃത്വത്തിൽ ഈസ്റ്റ് ബംഗാൾ എത്തുന്നത്. 2020-21 സീസണിൽ 9-ാം സ്ഥാനത്തും, 21-22 സീസണിൽ 11-ാം സ്ഥാനത്തുമായിരുന്നു ടീം ഫിനിഷ് ചെയ്‌തത്.
ഇത് ഞങ്ങൾക്ക് ഒരു യഥാർഥ പരീക്ഷണമായിരിക്കും. എന്നാൽ ഇത് തന്നെയാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ ആഴ്‌ചയും എല്ലാ ഗെയിമുകളും പരീക്ഷിക്കപ്പെടണം. ഞങ്ങൾ പതുക്കെ മുന്നേറും. ഒരു കാര്യം ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഞങ്ങൾ ഞങ്ങളുടെ ആരാധകർക്കായി മികച്ച പ്രകടനം തന്നെ കാഴ്‌ചവയ്‌ക്കും. കോൺസ്റ്റന്‍റൈൻ പറഞ്ഞു.
കോണ്‍സ്റ്റന്‍റൈന്‍റെ വരവ് : 2022 ജൂലൈയില്‍ ആണ് 59 കാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈൻ ഈസ്റ്റ് ബംഗാളിന്‍റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റത്. 2002- 2005, 2015 - 2019 എന്നിങ്ങനെ രണ്ട് ടേമില്‍ ആയി ഇന്ത്യന്‍ ദേശീയ ടീമിനെയും കോണ്‍സ്റ്റന്‍റൈൻ പരിശീലിപ്പിച്ചിരുന്നു. 2021- 2022 സീസണ്‍ സന്തോഷ് ട്രോഫി കേരളത്തിന് സമ്മാനിച്ച പരിശീലകനായ ബിനോ ജോര്‍ജാണ് കോണ്‍സ്റ്റന്‍റൈൻെ സഹ പരിശീലകന്‍.
ബ്രസീലിയൻ താരം ക്ലീറ്റൺ സിൽവയിലും ഇന്ത്യൻ താരം വിപി സുഹൈറിലുമാണ് ഈസ്റ്റ് ബംഗാളിന്‍റെ ആക്രമണത്തിന്‍റെയും ലിങ്ക്-അപ്പ് പ്ലേയുടെയും ചുമതല. കൂടാതെ ഇവാൻ ഗോൺസാലസും അലക്‌സ് ലിമയും ടീമിന് കൂടുതൽ കരുത്ത് പകരും. ബാക്ക്‌ലൈനിൽ ഒന്നിലധികം പൊസിഷനുകൾ കളിക്കാൻ കഴിവുള്ള ചരലംബോസ് കിരിയാക്കോയും ടീമിന്‍റെ പ്രകടനത്തിൽ നിർണായക പങ്ക് വഹിക്കും.
അതേസമയം കഴിഞ്ഞ തവണ ടീമിനൊപ്പമുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളായ അരീന്ദം ഭട്ടാചാര്യ, ഹിര മൊണ്ടൽ, ലാൽറിൻലിയാന ഹ്നാംതെ എന്നിവർ ഇത്തവണ ഈസ്റ്റ് ബംഗാളിനൊപ്പമില്ല. എന്നാൽ കമൽജിത് സിംഗ്, ജെറി ലാൽറിൻസുവാല, മുഹമ്മദ് റാകിപ്, സാർത്തക് ഗൊലൂയി, പ്രീതം സിംഗ്, ലാൽചുങ്‌നുംഗ എന്നിവർ ഇവരുടെ കുറവ് നികത്തുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.