ഭുവനേശ്വർ: ലോക്ക്‌ഡൗണിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ അതിവേഗ വനിതാ താരം ദ്യുതി ചന്ദ് പരിശീലനം പുനരാരംഭിച്ചു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പരിശീലനം. കോച്ചിന്‍റെ സഹായമില്ലാതെ സായിയുടെ സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പ്രകാരമാണ് പരിശീലനം. നാലാം ഘട്ട ലോക്ക്‌ഡൗണില്‍ സ്റ്റേഡിയങ്ങളും സ്‌പോർട്സ് കോംപ്ലക്‌സുകളും തുറക്കാന്‍ സർക്കാർ നിർദ്ദേശം നല്‍കിയതാണ് ദ്യുതിക്ക് തുണയായയത്. ലോക്ക്‌ഡൗണ്‍ കാരണം പരിശീലനം മുടങ്ങിയതിനാല്‍ ട്രാക്കിലെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ ദ്യുതിക്ക് രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയം എടുത്തേക്കും. റിയോ ഒളിമ്പിക്‌സിന് ദ്യുതി യോഗ്യത നേടിയിരുന്നു. മലയാളി താരം പിടി ഉഷക്ക് ശേഷം 100 മീറ്ററില്‍ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ദ്യുതി ചന്ദ്.
അതേസമയം ഒളിമ്പിക് യോഗ്യതക്കുള്ള കാലാവധി 2021 ജൂലൈ അഞ്ച് വരെ നീട്ടിയത് അവർക്ക് ആശ്വാസം പകരുന്നുണ്ട്. നിലവില്‍ കൊവിഡ് 19 കാരണം ഒളിമ്പിക്സ് മാറ്റവച്ചിരിക്കുകയാണ്. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ടോക്കിയോയിലാണ് ഗെയിംസ് നടക്കുക.