കണ്ണൂർ: കൊവിഡ് കാലം മനുഷ്യന് സമ്മാനിച്ച ദുരിതങ്ങൾ പലതാണ്. പക്ഷേ പ്രതിസന്ധികളില്‍ പയറ്റിത്തെളിഞ്ഞവരാണ് കൊവിഡ് കാലത്തെ അതിജീവിച്ചത്. കൊവിഡ് മഹാമാരിയായി ആഞ്ഞടിക്കുന്നതിന് തൊട്ടുമുൻപ് കേരളത്തിലെത്തിയ ഒരു ഇറ്റാലിയൻ സഞ്ചാരിയെ കുറിച്ചാണ് ഈ കഥ.
കടത്തനാടൻ കളരിപ്പയറ്റിനെ കുറിച്ചും കളരിപ്പയറ്റ് ജീവിതമാക്കിയ പത്മശ്രീ മീനാക്ഷിയമ്മയെ കുറിച്ചും അറിയാനാണ് 47 കാരനായ ഡേവിഡ് കേരളത്തിലെത്തുന്നത്. സന്ദർശനം കഴിഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മടങ്ങിപ്പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഡേവിഡിനെ പക്ഷേ, കൊവിഡ് ചതിച്ചു. അതുകൊണ്ടൊന്നും ഡേവിഡ് തളർന്നില്ല. "വീണത് വിദ്യയാക്കിയ" ഇറ്റലിക്കാരൻ ചാടിയിറങ്ങിയത് മീനാക്ഷിയമ്മയുടെ കളരിപ്പയറ്റ് സംഘത്തിന്‍റെ അങ്കത്തട്ടിലേക്കാണ്.
ഡേവിഡിന് താമസിക്കാൻ മീനാക്ഷിയമ്മ വീട് നല്‍കി. കിട്ടുന്ന സമയത്തെല്ലാം കളരി മുറ്റത്തിറങ്ങിയ ഡേവിഡ് ആറ് മാസം കൊണ്ട് അഭ്യാസ മുറകൾ പലതും സ്വായത്തമാക്കി. ഓരോ മണിക്കൂറിലും മാറി മാറി വരുന്ന അഭ്യാസികളോട് എറ്റുമുട്ടി ഫുൾ ടൈം കളരിക്കാരനായി.
അങ്കക്കലിയില്ലാതെ എല്ലാവരോടും ഡേവിഡ് ചങ്ങാത്തം കൂടി. കുറേശെ മലയാളം പഠിച്ചു. പക്ഷേ മലയാളത്തില്‍ പാട്ടു പാടാൻ കഴിയുന്നില്ലെന്ന വിഷമം ബാക്കിയാണ്. ഇരുപതാം വയസില്‍ ലോകം ചുറ്റാൻ തുടങ്ങിയ ഡേവിഡ് അവിവാഹിതനാണ്. കൊവിഡ് പ്രതിസന്ധികൾക്ക് ശമനമായതോടെ നാട്ടിലേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ് കടത്തനാടൻ കളരി മുറ്റത്തെ ഈ വിദേശി. ഇനിയെന്താണ് അടുത്ത പരിപാടി എന്ന് ചോദിച്ചാല്‍, അത് വരുന്നത് പോലെ എന്ന് ഡേവിഡ് പറയും.