ബർമിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മീരാബായ് ചാനുവില്‍ നിന്നും ലഭിച്ച അഭിനന്ദനം വിലപ്പെട്ടതാണെന്ന് പാകിസ്ഥാന്‍റെ ഭാരോദ്വഹന താരം നൂഹ് ദസ്‌തഗീർ ബട്ട്. പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ 109+ വിഭാഗത്തിൽ 405 കിലോ ഉയർത്തി റെക്കോഡോടെ സ്വര്‍ണം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബട്ട്.
ദക്ഷിണേഷ്യയിലെ കായികതാരങ്ങൾക്കും ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡലുകൾ അപ്രാപ്യമല്ലെന്ന് തെളിയിച്ച താരമാണ് മീരാബായ് ചാനുവെന്നും ബട്ട് പറഞ്ഞു. "മീരാബായ് ചാനു ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കും ഒളിമ്പിക്‌സ് മെഡൽ നേടാനാകുമെന്ന് അവർ കാണിച്ചുതന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ അവർ വെള്ളി നേടിയപ്പോൾ ഞങ്ങളും അവരെയോര്‍ത്ത് അഭിമാനിച്ചു", ബട്ട് പറഞ്ഞു.
ഇന്ത്യൻ താരമായ ഗുർദീപ് സിങ്ങാണ് ഈ ഇനത്തില്‍ വെങ്കലം നേടിയത്. ഗുർദീപ് തന്‍റെ അടുത്ത സുഹൃത്താണെന്നും ബട്ട് പറഞ്ഞു. "കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷങ്ങളായി ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. കുറച്ച് സമയങ്ങളില്‍ ഞങ്ങള്‍ വിദേശ രാജ്യങ്ങളിൽ ഒരുമിച്ച് പരിശീലിച്ചിട്ടുണ്ട്. ഞങ്ങള്‍ ഏപ്പോഴും ബന്ധം സൂക്ഷിക്കാറുണ്ട്", ബട്ട് പറഞ്ഞു.
ഗുർദീപുമായുള്ള മത്സരത്തെ ഒരിക്കലും ഒരു ഇന്ത്യ - പാകിസ്ഥാൻ പോരാട്ടമായി താൻ കണ്ടിട്ടില്ല. എല്ലാ ടൂർണമെന്‍റുകളിലും തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്. താൻ നേരത്തെ ഇന്ത്യയിലെത്തിയപ്പോള്‍, ഇന്ത്യക്കാർ നൽകിയ പിന്തുണ മറക്കാനാവാത്തതാണെന്നും ബട്ട് പറഞ്ഞു.
ഇന്ത്യയിലേത് പോലെ മറ്റൊരു മത്സരവും ഞാൻ ആസ്വദിച്ചിട്ടില്ല. നാട്ടിലുള്ളതിനേക്കാൾ കൂടുതൽ ആരാധകര്‍ തനിക്ക് ഇന്ത്യയിലാണെന്ന് തോന്നുന്നു. താൻ ഏറ്റവും ഇഷ്‌ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇനിയും അവിടെ വരാൻ ആഗ്രഹമുണ്ടെന്നും ബട്ട് കൂട്ടിച്ചേർത്തു.