ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും സ്വര്‍ണം. ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ യുവതാരം ലക്ഷ്യ സെന്‍ സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെയാണ് ലക്ഷ്യ തകര്‍ത്തത്. വാശിയേറിയ പോരാട്ടത്തില്‍ പിന്നില്‍ നിന്നാണ് ഇന്ത്യന്‍ താരം പൊരുതിക്കയറിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലക്ഷ്യ മത്സരം പിടിച്ചത്. ആദ്യ സെറ്റ് കൈമോശം വന്ന താരം പിന്നീടുള്ള രണ്ട് സെറ്റുകളും നേടിയാണ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 19-21, 21-9, 21-16. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയ ഒന്നാം സെറ്റില്‍ സ്‌കോര്‍ 19-19ല്‍ നില്‍ക്കെ വരുത്തിയ ചില പിഴവുകളാണ് ലക്ഷ്യയ്‌ക്ക് തിരിച്ചടിയായത്.
ശക്തമായി തിരിച്ചെത്തിയ ലക്ഷ്യ രണ്ടാം സെറ്റില്‍ എതിരാളിക്ക് ഒരു അവസരവും നല്‍കിയില്ല. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റിന്‍റെ തുടക്കം തൊട്ട് ലീഡെടുത്ത ഇന്ത്യന്‍ താരം അവസാനം വരെ അത് നിലനിര്‍ത്തി. 20കാരനായ ലക്ഷ്യയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.
നേരത്തെ വനിത സിംഗിള്‍സില്‍ പി.വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു അടിയറവ് പറയിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-15 21-13.
പരിക്ക് അതിജീവിച്ച് കളിച്ച സിന്ധുവിന് പല ഘട്ടത്തിലും മിഷേല്‍ കടുത്ത വെല്ലിവിളി ഉയര്‍ത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്‍റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. 2014ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
also read: "ചാമ്പ്യന്മാരുടെ ചാമ്പ്യന്‍"; സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി