ബര്‍മിങ്‌ഹാം: നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ഇസ്ലാമാബാദിലോ ലാഹോറിലോ നീരജ് ചോപ്രയ്‌ക്കൊപ്പം അര്‍ഷാദ് നദീം മത്സരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായി പരിശീലകന്‍ സയ്യിദ് ഹുസൈൻ ബുഖാരി. നീരജിന് ജയിക്കാനായാല്‍ മില്‍ഖ സിങ്ങിന് നല്‍കിയ അതേ സ്‌നേഹം തന്നെ തങ്ങള്‍ നല്‍കുമെന്നും പാക് താരത്തിന്‍റെ പരിശീലകന്‍ പറഞ്ഞു.
“മിക്കപ്പോഴും ഇസ്ലാമാബാദിലും ലാഹോറിലുമായാണ് അർഷാദ് പരിശീലിക്കാറുള്ളത്. ഇവിടുത്തെ നിറഞ്ഞ സ്റ്റേഡിയത്തിൽ അർഷാദും നീരജും ഒന്നിച്ച് മത്സരിക്കുന്നത് കാണണമെന്നാണ് എന്‍റെ ആഗ്രഹം. നീരജും ഞങ്ങളുടെ മകനെ പോലെയാണ്. 1960ൽ ലാഹോറിൽ അബ്‌ദുൾ ഖാലിഖിനെതിരെ വിജയിച്ചപ്പോൾ മിൽഖ സിങ്ങിന് നല്‍കിയ അതേ സ്‌നേഹം നീരജിനും നല്‍കുമെന്ന് ഒരു പാകിസ്ഥാനി എന്ന നിലയിൽ ഞാൻ വാഗ്‌ദാനം ചെയ്യുന്നു", ഹുസൈൻ ബുഖാരി പറഞ്ഞു.
ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 90.18 മീറ്റർ എറിഞ്ഞ നദീം സ്വര്‍ണം നേടിയിരുന്നു. പ്രകടനത്തോടെ ജാവലിനില്‍ 90 മീറ്റർ പിന്നിടുന്ന ആദ്യ ദക്ഷിണേഷ്യൻ താരമാകാനും അർഷാദിന് കഴിഞ്ഞു. അത്‌ലറ്റിക്‌സ് ലോകത്ത് നദീമിന്‍റെ ഉയർച്ച ജാവലിൻ കായികരംഗത്തേക്ക് കടന്നുവരാൻ യുവാക്കളെ പ്രേരിപ്പിച്ചതായും ഹുസൈൻ ബുഖാരി പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യയിലുണ്ടായതിന് സമാന സ്വാധീനമാണ് അർഷാദിന്‍റെ പ്രകടനങ്ങള്‍ പാക്കിസ്ഥാനില്‍ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നീരജ് ചോപ്ര ബര്‍മിങ്‌ഹാമില്‍ മത്സരിച്ചിരുന്നില്ല. ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടാന്‍ നീരജിന് കഴിഞ്ഞിരുന്നു.
also read: CWG 2022 | ഒറ്റയ്‌ക്ക് നിന്നാലും 56 രാജ്യങ്ങള്‍ പിന്നില്‍ ; മെഡല്‍ വാരിക്കൂട്ടി എമ്മ മക്കിയോണ്‍