മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പ്രീ സീസണ്‍ ടൂറില്‍ നിന്നും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുനില്‍ക്കുന്നു. ക്ലബ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ക്രിസ്റ്റ്യാനോ പ്രീ സീസണ്‍ ക്യാമ്പ് ഒഴിവാക്കുന്നത്. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി താരത്തിന് യുണൈറ്റഡ് അവധി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ജൂലൈ 12ന് ബാങ്കോക്കിൽ ലിവർപൂളിനെതിരായ യുണൈറ്റഡിന്‍റെ പരിശീലന മത്സരത്തില്‍ താരം പങ്കെടുക്കില്ല. തായ്‌ലൻഡിന് പിന്നാലെ ഓസ്‌ട്രേലിയയിലും നോർവേയിലും പരിശീലനം നടത്തുന്ന യുണൈറ്റഡ് മാഞ്ചസ്റ്ററില്‍ ഹോം മത്സരങ്ങളും പ്രീ സീസണില്‍ കളിക്കുന്നുണ്ട്.
അതേസമയം ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് യുണൈറ്റഡിനോട് റൊണാള്‍ഡോ ഔദ്യോഗിക അഭ്യർഥന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കുന്ന ക്ലബ്ബിലേക്ക് മാറാനാണ് താരം ലക്ഷ്യംവയ്‌ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്ന യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായിട്ടില്ല.
ചെല്‍സി, ബയേണ്‍, നാപോളി എന്നീ ക്ലബ്ബുകള്‍ റൊണാള്‍ഡോയ്‌ക്കായി താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 37കാരനായ റൊണാൾഡോയ്ക്ക് അടുത്ത വർഷം വരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുണ്ട്.
കഴിഞ്ഞ മെയില്‍ നൽകിയ അഭിമുഖത്തിൽ ക്ലബ്ബിനൊപ്പം തുടരാനും, പുതിയ പരിശീലകനായി എത്തിയ എറിക് ടെൻ ഹാഗിന് കീഴിൽ കളിക്കാനുള്ള താൽപര്യവും റൊണാൾഡോ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ക്ലബ് വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
also read: 'ക്രിസ്റ്റ്യാനോയ്ക്ക് ആ ഭയം' ; യുണൈറ്റഡ് വിടാന്‍ ആഗ്രഹിക്കുന്നതിന് കാരണം മെസിയെന്ന് ടോണി കാസ്‌കറിനോ